Breaking News

Trending right now:
Description
 
Feb 07, 2018

സബ്‌ കോടതിയുടെ മാധ്യമവിലക്കിന്‌ ഹൈക്കോടതിയുടെ സ്‌റ്റേ

image സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ്‌ കോടിയേരിക്കൊപ്പം ദുബായില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണം നേരിടുന്ന ശ്രീജിത്ത്‌ വിജയനെ സംബന്ധിച്ച വാര്‍ത്തകള്‍ വിലക്കിക്കൊണ്ടുള്ള കരുനാഗപ്പള്ളി സബ്‌ കോടതിയുടെ ഉത്തരവിന്‌ ഹൈക്കോടതിയുടെ സ്‌റ്റേ. വിലക്ക്‌ ചോദ്യം ചെയ്‌ത്‌ ഒരു മാധ്യമസ്ഥാപനം നല്‍കിയ ഹര്‍ജിയിലാണ്‌ സ്റ്റേ. ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല കീഴ്‌ക്കോടതിയുടെ വിധിയെന്ന്‌ ഇടക്കാല ഉത്തരവില്‍ പറയുന്നു. കേസിലെ കക്ഷികളായ ശ്രീജിത്ത്‌ വിജയന്‍, രാഹുല്‍ കൃഷ്‌ണ എന്നിവര്‍ക്കെതിരെ നോട്ടീസ്‌ അയയ്‌ക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ബിനോയ്‌ കോടിയേരി ഉള്‍പ്പെട്ട ചെക്ക്‌ കേസില്‍ ദുബായിലെ ജാസ്‌ ടൂറിസം കമ്പനി ഉടമ മര്‍സൂഖി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ്‌ കരുനാഗപ്പള്ളി സബ്‌ കോടതി വിവാദമായ വിലക്ക്‌ കൊണ്ടുവന്നത്‌. ചവറ എംഎല്‍ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെ ദുബായില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ചവറ സ്റ്റേഷനിലുള്ള കേസിനെക്കുറിച്ചോ മാവേലിക്കര മജിസ്‌ട്രേറ്റ്‌ കോടതിയിലുള്ള കേസിനെക്കുറിച്ചോ ബന്ധപ്പെട്ട മറ്റു വിഷയങ്ങളെക്കുറിച്ചോ ഉള്ള വാര്‍ത്തകര്‍ വിലക്കുന്നതായിരുന്നു സബ്‌ കോടതിയുടെ ഉത്തരവ്‌. ഇത്‌ സംസ്ഥാനവ്യാപകമായി വിമര്‍ശനമുയര്‍ത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തന്റെ പേരിനു കളങ്കം ഉണ്ടാക്കുന്നുവെന്നു കാണിച്ച്‌ ശ്രീജിത്ത്‌ വിജയനാണ്‌ സബ്‌ കോടതിയെ സമീപിച്ചത്‌. ഇതു പരിഗണിച്ച കോടതി മാധ്യമങ്ങള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തുകയും കോടതിയുടെ ഉത്തരവ്‌ പ്രസ്‌ക്ലബിനു മുമ്പില്‍ പതിപ്പിക്കുകയുമായിരുന്നു.