Breaking News

Trending right now:
Description
 
Feb 06, 2018

സുപ്രീംകോടതി ഉത്തരവ്‌ തള്ളി; മാലിദ്വീപില്‍ അടിയന്തരാവസ്ഥ

image മാലിദ്വീപ്‌ മുന്‍പ്രസിഡന്റ്‌ മുഹമ്മദ്‌ നഷീദ്‌ അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 പാര്‍ലമെന്റ്‌ അംഗങ്ങളുടെ വിലക്ക്‌ നീക്കാനുമുള്ള സുപ്രീംകോടതി ഉത്തരവ്‌ തള്ളി പ്രസിഡന്റ്‌ അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ്‌ മാലദ്വീപില്‍ അടിയന്തരാവസ്ഥ. പ്രസിഡന്റിന്റെ അടുത്ത അനുയായിയും നിയമകാര്യമന്ത്രിയുമായ ആസിമ ഷക്കൂറാണ്‌ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്‌. തിങ്കളാഴ്‌ച രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടായതോടെ സൈന്യം സുപ്രീംകോടതിക്കുള്ളില്‍കയറി. കോടതിക്കുള്ളില്‍ ജഡ്‌ജിമാര്‍ ഉണ്ടായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. മുന്‍ പ്രസിഡന്റ്‌ മൗമുല്‍ അബ്ദുല്‍ ഗയൂമിനെയും മരുമകനെയും പൊലീസ്‌ അറസ്റ്റുചെയ്‌തു. രാത്രിയില്‍ അബ്ദുല്‍ ഗയൂമിന്റെ വീട്ടില്‍ ഇരച്ചുകയറിയ പൊലീസ്‌ സംഘം ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. സര്‍ക്കാരിനെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ്‌ അറസ്റ്റ്‌. കൂറുമാറി പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്‌ പാര്‍ലമെന്റ്‌ ചേര്‍ന്നാല്‍ ഭരണകക്ഷിക്കു ഭരണം നഷ്ടപ്പെടും. ഇതോടെ പ്രസിഡന്റ്‌ അബ്ദുല്ല യമീനെ കുറ്റവിചാരണ ചെയ്യുമെന്ന ഭയമാണ്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്‌ അനുസരിക്കാതിരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. സുപ്രീംകോടതിയുടെ ഉത്തരവ്‌ നടപ്പാക്കണമെന്നു ആവശ്യപ്പെട്ട്‌ മുന്‍പ്രസിഡന്റ്‌ മുഹമ്മദ്‌ നഷീദിന്റെ മാലിദ്വീപ്‌ ഡെമാക്രാറ്റിക്‌ പാര്‍ട്ടിക്കാര്‍ പ്രക്ഷോഭം ശക്തമാക്കിയിരുന്നു. സുപ്രീംകോടതിവിധിക്കുശേഷം ഞായറാഴ്‌ച പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട പ്രസിഡന്റ്‌ അബ്ദുല്ല യമീന്‍ തന്റെ കാലാവധി തീരുന്നതിനുമുമ്പ്‌ തിരഞ്ഞെടുപ്പിന്‌ തയാറാണെന്നു വ്യക്തമാക്കിയിരുന്നു.