Breaking News

Trending right now:
Description
 
Feb 05, 2018

കോടികളുടെ തട്ടിപ്പ്‌: വിദേശപൗരന്റെ വാര്‍ത്താസമ്മേളനത്തിന്‌ കോടതിയുടെ വിലക്ക്‌

image സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ്‌ കോടിയേരിക്കൊപ്പം സാമ്പത്തിക തട്ടിപ്പ്‌ ആരോപണം നേരിടുന്ന ശ്രീജിത്ത്‌ വിജയനെക്കുറിച്ച്‌ നടത്താനിരുന്ന വാര്‍ത്താസമ്മേളനം കോടതി വിലക്കി. ഇരുവര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ച യുഎഇ പൗരന്‍ ഇസ്‌മായില്‍ അബ്ദുല്ല അല്‍ മര്‍സുഖി തിങ്കളാഴ്‌ച തിരുവനന്തപുരം പ്രസ്‌ക്ലബ്‌ ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വാര്‍ത്താ സമ്മേളനമാണ്‌ കരുനാഗപ്പള്ളി സബ്‌കോടതി വിലക്കിയത്‌. ഇതുസംബന്ധിച്ച നോട്ടീസ്‌ പ്രസ്‌ക്ലബിനു മുമ്പില്‍ പതിപ്പിക്കുകയും ചെയ്‌തു. ശ്രീജിത്തിന്റെ പരാതിയിലാണ്‌ കോടതിയുടെ ഇടപെടല്‍. ചവറ ഇടത്‌ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകനാണ്‌ ശ്രീജിത്ത്‌. ബിനോയി കോടിയേരിക്കെതിരെ 13 കോടി രൂപയുടെയും ശ്രീജിത്ത്‌ വിജയനെതിരെ 10 കോടിയുടെയും തട്ടിപ്പാണ്‌ മര്‍സുഖി ഉന്നയിച്ചിട്ടുള്ളത്‌. പണം തിരികെ ലഭിക്കുംവരെ ഇന്ത്യയില്‍ തുടരാനാണ്‌ മര്‍സുഖിയുടെ തീരുമാനം. രണ്ടുകേസുകളും തമ്മില്‍ ബന്ധമുള്ളതിനാല്‍ ശ്രീജിത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ്‌ പിന്‍മാറ്റമെന്നു മര്‍സുഖി വ്യക്തമാക്കി. മര്‍സുഖിക്കൊപ്പം കേസിലെ പ്രധാന എതിര്‍കക്ഷികളില്‍ ഒരാളായ രാഖുല്‍ കൃഷ്‌ണന്‍ തന്റെ പേര്‌ ദുരുപയോഗം ചെയ്യുന്നെന്ന്‌ ആരോപിച്ചാണ്‌ ശ്രീജിത്ത്‌ കരുനാഗപ്പള്ളി സബ്‌കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.