Breaking News

Trending right now:
Description
 
Feb 02, 2018

ഇത്‌ മനുഷ്യത്വമുള്ള ബജറ്റാണെന്ന്‌ കുമ്മനം

image മനുഷ്യത്വമുള്ള ബജറ്റാണ്‌ ധനമന്ത്രി അരുണ്‍ജെയ്‌റ്റ്‌ലി അവതരിപ്പിച്ചതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചതിലൂടെ മോദി സര്‍ക്കാരിന്റെ മാനുഷിക മുഖമാണ്‌ വെളിവായത്‌. രാജ്യത്തെ പകുതിയോളംവരുന്ന ജനങ്ങള്‍ക്ക്‌ പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്‌. വിവിധമേഖലകളില്‍നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ച പണം രാജ്യത്തെ അടിസ്ഥാന ജനങ്ങള്‍ക്കു വിവിധ ക്ഷേമപദ്ധതികളിലൂടെ തിരികെ നല്‍കാന്‍ ബജറ്റ്‌ ശ്രമിച്ചിട്ടുണ്ട്‌. എട്ടുകോടി പാവപ്പെട്ട സ്‌ത്രീകള്‍ക്ക്‌ സൗജന്യ ഗ്യാസ്‌ കണക്ഷന്‍, ഒരുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി ശൗചാലയങ്ങള്‍, നാലുകോടി കുടുംബങ്ങള്‍ക്ക്‌ സൗജന്യ വൈദ്യുതി, ഒന്നരലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി 1200കോടി, പ്രധാനമന്ത്രി ആവസാസ്‌ യോജന പദ്ധതിപ്രകാരം ഒരു കോടി വീടുകള്‍, ഗ്രാമീണ മേഖലയില്‍ തൊഴില്‍ അവസരം വര്‍ധിപ്പിക്കാന്‍ 14.34 ലക്ഷം കോടിരൂപ തുടങ്ങിയവയൊക്കെ ബിജെപി സര്‍ക്കാരിന്റെ പാവങ്ങളോടുള്ള നിലപാടിന്റെ പ്രതിഫലനങ്ങളാണ്‌. അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ പണം മുടക്കാനുള്ള തീരുമാനം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. സ്‌ത്രീസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്‌ക്ക്‌ ഊന്നല്‍നല്‍കിയുള്ള ബജറ്റ്‌ ഭാരതത്തിന്റെ വളര്‍ച്ച വേഗത്തിലാക്കുമെന്നും കുമ്മനം പറഞ്ഞു.