Breaking News

Trending right now:
Description
 
Jan 22, 2018

സിസ്‌റ്റര്‍ അഭയകേസ്‌: മുന്‍ ക്രൈംബ്രാഞ്ച്‌ എസ്‌പിയെ പ്രതിചേര്‍ത്തു

image സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ തൊണ്ടിമുതല്‍ നശിപ്പിച്ചതിന്‌ കേസ്‌ ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച്‌ എസ്‌പിയെ പ്രതിചേര്‍ത്തു. മുന്‍ ക്രൈംബ്രാഞ്ച്‌ എസ്‌പി കെ.ടി.മൈക്കിളിനെ നാലാംപ്രതിയാക്കിയാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. തെളിവുനശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌. തുടര്‍ അന്വേഷണം വേണമെന്ന കെ.ടി.മൈക്കിളിന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സിബിഐ കോടതിയാണ്‌ ഉത്തരവിറക്കിയത്‌. ആരോപണ വിധേയരായ മറ്റുള്ളവരെ കോടതി വിട്ടയച്ചു. കാല്‍ നൂറ്റാണ്ടുപിന്നിടുന്ന അഭയ കേസില്‍ ആദ്യമായി വരുന്ന വിധിയാണിത്‌. കേസിലെ തെളിവുകള്‍ നശിപ്പിച്ച്‌ പ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ അവസരം ഒരുക്കിയെന്ന്‌ ആരോപിച്ച്‌ ജോമോന്‍ പുത്തന്‍പുര സമര്‍പ്പിച്ച ഹര്‍ജിയില്‍ ആഴ്‌ചകള്‍ നീണ്ട വാദങ്ങള്‍ക്കു ശേഷമാണ്‌ സിബിഐ കോടതി തിങ്കളാഴ്‌ച വിധി പറഞ്ഞത്‌. സിസ്റ്റര്‍ അഭയയുടെ ശിരോവസ്‌ത്രം അടക്കമുള്ള തൊണ്ടിമുതലുകള്‍ കേസ്‌ സിബിഐ ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ കെ.ടി.മൈക്കിള്‍ ഇടപെട്ട്‌ നശിപ്പിച്ചുവെന്നാണ്‌ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്‌. ഫാ.തോമസ്‌ എം.കോട്ടൂര്‍, ഫാ.ജോസ്‌ പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ഇതിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. 1992 മാര്‍ച്ച്‌ 27നാണ്‌ സിസ്റ്റര്‍ അഭയയെ കോട്ടയത്തെ പയസ്‌ ടെന്‍ത്‌ കോണ്‍വന്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.