Breaking News

Trending right now:
Description
 
Jan 20, 2018

ആം ആദ്‌മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കി

image ഡല്‍ഹി സര്‍ക്കാരിലെ 20 ആം ആദ്‌മി പാര്‍ട്ടി എംഎല്‍എമാരെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യരാക്കി. 2015 മാര്‍ച്ച്‌ 13 മുതല്‍ 2016 സെപ്‌റ്റംബര്‍ എട്ടുവരെ എംഎല്‍എമാര്‍ പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചതാണ്‌ ആപ്പിനെ കുരുക്കിലാക്കിയത്‌. നിയമന ഉത്തരവ്‌ ഡല്‍ഹി ഹൈക്കോടതി പിന്നീട്‌ റദ്ദാക്കിയിരുന്നു. അധികാരമേറ്റ്‌ ഒരുമാസത്തിനുള്ളിലാണ്‌ മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാള്‍ എംഎല്‍എമാര്‍ക്ക്‌ ഇരട്ടപ്പദവി നല്‍കിയത്‌. സംഭവം വിവാദമായതോടെ ഇരട്ടപ്പദവി വഹിച്ചുവെന്ന കുറ്റം ഒഴിവാക്കണമെന്നു എംഎല്‍എമാരുടെ ആവശ്യം കമ്മീഷന്‍ തള്ളുകയും ചെയ്‌തു. തുടര്‍ന്നാണ്‌ അയോഗ്യരാക്കികൊണ്ടുള്ള പ്രഖ്യാപനം. 21 എംഎല്‍എമാര്‍ക്കാണ്‌ ഇരട്ടപ്പദവി നല്‍കിയതെങ്കിലും ഇവരില്‍ ഒരാള്‍ പഞ്ചാബ്‌ നിയമസഭയില്‍ മത്സരിക്കാന്‍ എംഎല്‍എസ്ഥാനം രാജിവച്ചിരുന്നു. എംഎല്‍എമാരെ ആയോഗ്യരാക്കിക്കൊണ്ടുള്ള കമ്മീഷന്റെ തീരുമാനം രാഷ്ട്രപതി ശരിവച്ചാല്‍ എംഎല്‍എമാര്‍ക്ക്‌ സ്ഥാനം നഷ്ടപ്പെടും. ഇതോടെ ഡല്‍ഹി നിയമസഭയില്‍ ആംആദ്‌മി പാര്‍ട്ടിയുടെ അംഗബലം 46 ആയി കുറയും. എങ്കിലും 70 അംഗ നിയമസഭയില്‍ പാര്‍ട്ടിക്കു ഭരണം നഷ്ടപ്പെടുകയില്ല. അതേസമയം, സത്യം ഒടുവില്‍ ജയിക്കുമെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാള്‍ ട്വീറ്ററിലൂടെ പ്രതികരിച്ചു. സത്യത്തിന്റെയും ആത്മാര്‍ഥതയുടെയും പാതയിലൂടെ മുന്നേറിയാല്‍ നിരവധി തടസങ്ങളാണ്‌ ഉണ്ടാവുക. ഇത്‌ സ്വാഭാവികമാണ്‌. ദൃശ്യവും അദൃശ്യവുമായ എല്ലാ അധികാരരൂപങ്ങളും നിങ്ങളെ പിടികൂടും. എന്നാല്‍, നിങ്ങള്‍ക്കുവേണ്ടിയല്ലാതെ രാജ്യത്തിനും സമൂഹത്തിനുംവേണ്ടി പ്രവര്‍ത്തിച്ചാല്‍ ഈശ്വരന്‍ കൂടെയുണ്ടാകും. അവസാനം വസ്‌തുതകള്‍ വെളിച്ചത്തുവരുമെന്നും കേജരിവാള്‍ വ്യക്തമാക്കി.