Breaking News

Trending right now:
Description
 
Jan 19, 2018

ശ്രീജിത്തിന്റെ 771 ദിവസത്തെ സമരം ഫലംകണ്ടു; സഹോദരന്റെ കസ്‌റ്റഡിമരണം സിബിഐ അന്വേഷിക്കും

image നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ്‌ പൊലീസ്‌ കസ്‌റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഘാതകരെ ശിക്ഷിക്കണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്‌ സഹോദരന്‍ ശ്രീജിത്ത്‌ 771 ദിവസമായി സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തുന്ന സമരം ഫലംകണ്ടു. സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനത്തിന്റെ പകര്‍പ്പ്‌ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി എം.വി.ജയരാജന്‍, പി.ടി.എ.റഹിം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സമരപ്പന്തലില്‍ എത്തി ശ്രീജിത്തിന്‌ കൈമാറി. കേസ്‌ ഏറ്റെടുക്കാമെന്നു സിബിഐ സര്‍ക്കാരിന്‌ ഉറപ്പുനല്‍കിയിട്ടുണ്ട്‌. ശ്രീജിത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചസ്ഥിതിക്ക്‌ സമരം അവസാനിപ്പിക്കണമെന്നു സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. പാറശാല പൊലീസ്‌ 2014 മേയ്‌ 19നു കസ്റ്റഡിയിലെടുത്ത ശ്രീജിവിന്റെ മരണം 21നു ആയിരുന്നു. സംഭവം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും സിബിഐ അന്വേഷിക്കണമെന്നായിരുന്നു സഹോദരന്‍ ശ്രീജിത്തിന്റെ ആവശ്യം. അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിലായിരുന്നു ശ്രീജിത്ത്‌ സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ആരംഭിച്ചത്‌. വ്യാഴാഴ്‌ച വൈകിട്ടു സമരപ്പന്തലില്‍ എത്തി ഡോക്ടര്‍മാര്‍ ശ്രീജിത്തിനെ പരിശോധിച്ച്‌ ആരോഗ്യനില ഉറപ്പുവരുത്തിയിരുന്നു. സമരത്തിന്‌ പുന്തുണ നല്‍കി സമൂഹ മാധ്യമ കൂട്ടായ്‌മ പ്രവര്‍ത്തകരും രംഗത്ത്‌ എത്തിയിരുന്നു.