Breaking News

Trending right now:
Description
 
Jan 19, 2018

മകന്റെ കഴുത്തില്‍ ഷാള്‍കുരുക്കി കൊലപ്പെടുത്തി കത്തിച്ചുവെന്ന്‌ അമ്മ ജയമോള്‍

image ഭര്‍തൃവീട്ടുകാരുമായി ഓഹരിയെചൊല്ലിയുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട്‌ പതിനാലുവയസുള്ള മകന്‍ ജിത്തു പ്രകോപിതനായി സംസാരിച്ചപ്പോഴാണ്‌ കൊലപ്പെടുത്തിയതെന്നും ഒറ്റയ്‌ക്കാണ്‌ കൃത്യം നടത്തിയതെന്നും പൊലീസ്‌ കസ്റ്റഡിയിലെടുത്ത കൊല്ലം കുരീപ്പള്ളി സെബദിയില്‍ ജോബ്‌ ജി.ജോണിന്റെ ഭാര്യ ജയമോള്‍ മൊഴിനല്‍കി. ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിയായ ജിത്തുവിന്റെ കൊലപാതകത്തില്‍ ജയമോളെ അറസ്‌റ്റു ചെയ്‌തു. കഴിഞ്ഞദിവസമാണ്‌ വീടിനു സമീപമുളള വാഴത്തോട്ടത്തില്‍ കത്തിക്കരിഞ്ഞനിലയില്‍ ജിത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജിത്തുവിനെ കാണാനില്ലെന്നുള്ള പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. കൊലപ്പെടുത്തിയശേഷം വീടിനു പുറകില്‍ മതിലിനോടു ചേര്‍ന്ന ഭാഗത്ത്‌ മൃതദേഹം വലിച്ചിഴച്ചുകൊണ്ടുവന്നിട്ടു. പിന്നീട്‌ അടുത്തവീട്ടില്‍നിന്നു മണ്ണെണ്ണ വാങ്ങി വിറക്‌, ചിരട്ട, ചകിരിത്തൊട്ട്‌ എന്നിവകൂട്ടി മൃതദേഹം കത്തിക്കുകയായിരുന്നു. അരമണിക്കൂറോളം കത്തിയ മൃതദേഹം പറമ്പിലേക്കു മാറ്റാന്‍ എടുത്തപ്പോള്‍ കൈയ്യിലേയും കാലിലേയും മാംസവും എല്ലും അടര്‍ന്നു. വീണ്ടും കത്തിച്ചശേഷം ഉയരമില്ലാത്ത മതിലിലൂടെ മൃതദേഹം പറമ്പിലേക്കു എടുത്തിട്ടു. പിന്നീട്‌ മതില്‍ചാടിക്കടന്ന്‌ മൃതദേഹം വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ചു. ഭര്‍ത്താവ്‌ രാത്രിയെത്തിയപ്പോഴാണ്‌ മകനെ കാണാനില്ലെന്നു പറഞ്ഞുപരാതി നല്‍കിയതെന്നു ജയമോള്‍ പൊലീസിനു മൊഴിനല്‍കി സംഭവം നടക്കുമ്പോള്‍ ജിത്തുവിന്റെ സഹോദരി ടീന ബന്ധുവീട്ടിലായിരുന്നു. തന്റെ ശരീരത്തില്‍ സാത്താന്‍ കയറിയപ്പോഴാണ്‌ ഇത്തരത്തില്‍ ചെയ്‌തതെന്നും ജയമോള്‍ പൊലീസിനോട്‌ പറഞ്ഞിരുന്നു. ജയമോള്‍ക്കൊപ്പം പൊലീസ്‌ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. ജയമോള്‍ ഒറ്റയ്‌ക്കാണ്‌ കൊലപാതകം നടത്തിയതെന്നുള്‍പ്പെടെയുള്ള മൊഴി പൊലീസ്‌ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്‌.