Breaking News

Trending right now:
Description
 
Jan 18, 2018

ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കണം: കരസേനാമേധാവി

image ഭീകരതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കണമെന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്‌. റിലയന്‍സ്‌ വ്യവസായ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒബ്‌സര്‍വര്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന്‌ ഡല്‍ഹിയില്‍ താജ്‌ ഹോട്ടലില്‍ നടത്തുന്ന മൂന്നാമത്തെ റെയ്‌സീന ഡയലോഗ്‌ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭീകരാക്രമണങ്ങള്‍ക്ക്‌ ഇരയാവുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യ സ്വന്തം നിലയില്‍ ഭീകരതയെ അമര്‍ച്ച ചെയ്യാന്‍ യുദ്ധം ചെയ്യണം. ഭീകരതയ്‌ക്ക്‌ രണ്ടുമുഖങ്ങളുണ്ട്‌. നേരിട്ടു ഭീകരപ്രവര്‍ത്തനം നടത്തുന്ന സംഘടനകളും ഭീകരപ്രവര്‍ത്തനത്തിന്‌ മറയാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും. രണ്ടിനേടും നേരിടേണ്ടത്‌ അനിവാര്യമാണ്‌. അക്രമം ഉപയോഗപ്പെടുത്തുന്നവര്‍ ആരായാലും അവര്‍ ഭീകരരാണ്‌. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന നയമുള്ള രാജ്യങ്ങളെ തിരിച്ചറിയണമെന്നും കരസേനാ മേധാവി വ്യക്തമാക്കി.

ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളും ചേര്‍ന്നാലേ ഭീകരരെ ഇല്ലായ്‌മ ചെയ്യാനാകൂ. ഭീകരര്‍ പണം സ്വരൂപിക്കുന്ന മയക്കുമരുന്നുവ്യാപാരവും അനധികൃത ആയുധ വ്യാപാരവും തടയണം. ഭീകരര്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുകയും അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടക്കുകയും ചെയ്യുന്നുണ്ട്‌. ഭീകരരെയും അവരെ സഹായിക്കുന്നവരെയും തടസപ്പെടുത്തേണ്ടതുണ്ട്‌. ഭീകരരെ സഹായിക്കുന്ന രാജ്യങ്ങളെ തിരിച്ചറിഞ്ഞ്‌ നേരിടണമെന്നു പാക്കിസ്ഥാന്റെ പേര്‌ പറയാതെ റാവുത്ത്‌ പറഞ്ഞു. ഭീകരതയെ ചെറുക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദം വളര്‍ത്തുന്നതിന്‌ സോഷ്യല്‍ മീഡിയയേയും ഇന്റര്‍നെറ്റിനെയുമാണ്‌ ഭീകരര്‍ കൂടുതലും ആശ്രയിക്കുന്നത്‌. ഭീകരര്‍ക്ക്‌ മാധ്യമങ്ങള്‍ കൂടുതല്‍ കവറേജ്‌ നല്‍കുന്നതനുസരിച്ച്‌ ഭീകരരുടെ ജനപ്രീതി കൂടുമെന്നും കരസേനാ മേധാവി മുന്നറിയിപ്പുനല്‍കി.