Breaking News

Trending right now:
Description
 
Jan 15, 2018

കിഫ്‌ബി ചിട്ടി സ്‌കീമിന്‌ പ്രവാസികള്‍ പിന്തുണയ്‌ക്കണം: മന്ത്രി തോമസ്‌ ഐസക്‌

image കിഫ്‌ബി ഫണ്ട്‌ സമാഹരണത്തിലെ വിവിധ സാധ്യതകള്‍ ലോക കേരള സഭയുടെ ഉപചര്‍ച്ചയില്‍ ചര്‍ച്ചയായി. രണ്ടുവര്‍ഷംകൊണ്ട്‌ കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടിയിലൂടെ 20,000 കോടി രൂപ സമാഹരിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ചര്‍ച്ചയ്‌ക്ക്‌ നേതൃത്വം നല്‍കിയ ധനമന്ത്രി ടി.എം.തോമസ്‌ ഐസക്‌ വ്യക്തമാക്കി. പ്രവാസികളുടെ സമ്പാദ്യത്തെ നാടിന്റെ സൗഭാഗ്യമാക്കിമാറ്റാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. 10ലക്ഷം പ്രവാസികളെങ്കിലും ചിട്ടിയില്‍ ചേരുമെന്നാണ്‌ പ്രതീക്ഷ. ബാങ്ക്‌ നിരക്കിനേക്കാള്‍ കൂടിയ പലിശകിട്ടുന്ന ചിട്ടി കേരള വികസന പ്രക്രിയയില്‍ പങ്കാളി ആകാനും പ്രവാസികള്‍ക്ക്‌ അവസരം നല്‍കുമെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. പെന്‍ഷനും ഇന്‍ഷുറന്‍സ്‌ സംരക്ഷണവും സംബന്ധിച്ചുള്ള പ്രവാസി ചിട്ടികള്‍ മികച്ച നിക്ഷേപ അവസരമാണെന്നു കിഫ്‌ബി സിഇഒ ഡോ.കെ.എം.ഏബ്രഹാം ചൂണ്ടിക്കാട്ടി. ഗള്‍ഫ്‌ രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താതെ യൂറോപ്പ്‌, അമേരിക്ക ഉള്‍പ്പെടെ ലോകത്തെ എല്ലാ മലയാളികള്‍ക്കും ഇതില്‍ ചേരാന്‍ അവസരം നല്‍കണമെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രവാസികള്‍ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥകളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. പ്രവാസി ചിട്ടികളുടെ നടപടിക്രമങ്ങള്‍ ഓണ്‍ലൈനായിട്ടാണ്‌ ചെയ്യുകയെന്നും ലളിതവും സുതാര്യവുമാണെന്നു ഡോ.കെ.എം.ഏബ്രഹാം പറഞ്ഞു. ഡോ.ആസാദ്‌ മൂപ്പന്‍, മുന്‍ ധനകാര്യമന്ത്രി കെ.എം.മാണി, ധനകാര്യവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ്‌ ജോഷി, എംഎല്‍എമാരായ സുരേഷ്‌ കുറുപ്പ്‌, ടി.വി.രാജേഷ്‌, വി.ഡി.സതീശന്‍, സാമ്പത്തിക ഉപദേഷ്ടാവ്‌ ഡോ.ഗീത ഗോപിനാഥ്‌, പ്ലാനിങ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, കമല വര്‍ധനറാവു, ഡോ.ഷര്‍മിള മേരി ജോസഫ്‌ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.