Breaking News

Trending right now:
Description
 
Jan 15, 2018

കണ്‍മഷി പോലും സംശയത്തിന്റെ നിഴലില്‍: ജില്ലാ പോലീസ്‌ മേധാവി

image ആലപ്പുഴ: മയക്കുമരുന്നുകളുടെ വിവിധതരത്തിലുള്ള ഉപയോഗം വ്യാപകമായി മാറിയതിനാല്‍ പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന കണ്‍മഷി പോലും സംശയത്തിന്റെ നിഴലിലാണെന്നു ആലപ്പുഴ ജില്ലാ പൊലീസ്‌ മേധാവി എസ്‌.സുരേന്ദ്രന്‍. ജനമൈത്രി പൊലീസും റസിഡന്റ്‌സ്‌ അസോസിയേഷനുകളും സംയുക്തമായുള്ള 'റാപിഡ്‌' പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രഥമ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ജില്ലാ മേധാവി. കണ്‍മഷിയുടെ രൂപത്തില്‍ വരെയാണ്‌ ഇപ്പോള്‍ ലഹരി നല്‌കുന്ന മയക്കുമരുന്ന്‌ എത്തുന്നത്‌. യുവജനങ്ങളെ നശിപ്പിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം ഏറെയായിരിക്കുന്നു. അതനുസരിച്ചു വിതരണക്കാരായ പലരേയും പിടികൂടുന്നുമുണ്ട്‌. കഞ്ചാവ്‌ പോലുള്ള പരമ്പരാഗത മയക്കു മരുന്നുകളേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ഗുളികയായും കുത്തിവയ്‌പ്പായും സ്റ്റാമ്പായുമുള്ള സിന്തറ്റിക്‌ മയക്കുമരുന്നുകളാണ്‌ വന്‍ വിലയ്‌ക്ക്‌ വില്‌പനയ്‌ക്കെത്തിക്കുന്നത്‌.

കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. അവര്‍ക്ക്‌ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. അക്കൂട്ടരെ കസ്റ്റഡിയില്‍ നിന്നു വിട്ടയക്കാനുള്ള രാഷ്ട്രീയക്കാരും ഭരണാധികാരികളും അടക്കമുള്ളവരുടെ ആവശ്യം ഒരു തരത്തിലും പരിഗണിക്കില്ലെന്നും ജില്ലാ പോലീസ്‌ മേധാവി ഉറപ്പു നല്‌കി. ജാഗ്രതയോടെ പരിസരം നിരീക്ഷിക്കാന്‍ എല്ലാവരും മുന്നോട്ടു വരണം. സംശയം തോന്നുന്നവരുടെ വിവരം ഉടനെ പോലീസില്‍ അറിയിക്കാന്‍ ജനങ്ങള്‍ തയാറാകുകയാണ്‌ വേണ്ടത്‌. ആവശ്യമായ പരിശോധനയ്‌ക്കു ശേഷം നിരപരാധികളാണെന്നു കണ്ടാല്‍ ഉടന്‍ വിടും. വീട്ടുകാരും റസിഡന്റ്‌സ്‌ അസോസിയേഷനുകളും മുന്‍കൈയെടുത്തു സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എടത്വയില്‍ കഴിഞ്ഞ ദിവസം സ്‌കൂളിലെ ശുചിമുറിയുടെ മതില്‍ ഇടിഞ്ഞു വീണ്‌ പിഞ്ചു വിദ്യാര്‍ഥി മരിച്ച സംഭവത്തെത്തുടര്‍ന്ന്‌ ഭാവിയില്‍ അപകടം ഒഴിവാക്കാന്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ സെക്യൂരിറ്റി ഓഡിറ്റ്‌ നടത്താന്‍ നടപടിയെടുത്തിട്ടുണ്ട്‌. വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തി ഒരു മാസം നീളുന്ന ഗതാഗത ബോധവത്‌കരണ പരിപാടി അരൂര്‍ മുതല്‍ കായംകുളം വരെ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടു നടപ്പിലാക്കേണ്ടതായ സുരക്ഷതിത്വ നടപടികള്‍ക്കു പൊലീസ്‌ മുന്‍കൈയെടുക്കുമെന്നു ടി.ആര്‍.എയുടെ ആവശ്യം പരിഗണിച്ച ജില്ലാ പൊലീസ്‌ മേധാവി ഉറപ്പു നല്‍കി. ഗതാഗതം, മലിനീകരണം, കുറ്റവാളികള്‍ വിഭാഗത്തിലാണ്‌ പ്രധാനമായും പരാതികള്‍ ഉന്നയിച്ചിരുന്നത്‌. നാലു വര്‍ഷം മുന്‍പു നല്‌കിയ നിവേദനത്തില്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ ഉള്‍പ്പടെയുള്ളവയ്‌ക്കു എത്രയും വേഗം പരിഹാരമുണ്ടാക്കുമെന്നും ജില്ലാ പൊലീസ്‌ മേധാവി വ്യക്തമാക്കി. വിവിധ ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനം തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടിആര്‍എ) സമ്മേളത്തില്‍ ജില്ലാ പൊലീസ്‌ മേധാവിക്കു കൈമാറി. ഡിവൈഎസ്‌പി പി.വി.ബേബി, എ.പൂക്കൂഞ്ഞ്‌, ഉത്തമന്‍, ജി.രാജേന്ദ്രന്‍, ബീന റസാക്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പോലീസ്‌ മേധാവി സ്ഥാനത്തു നിന്നു ഡിഐജിപിയായി സ്ഥാനക്കറ്റം ലഭിച്ച എസ്‌.സുരേന്ദ്രനെ സമ്മേളനം അഭിനന്ദിച്ചു.