Breaking News

Trending right now:
Description
 
Jan 15, 2018

പ്രവാസി സഹായകേന്ദ്രങ്ങള്‍ തുടങ്ങണമെന്ന്‌ ഗവര്‍ണര്‍

image തൊഴില്‍ അന്വേഷകരെ സഹായിക്കാന്‍ വിദേശ പരിചയം ഉള്ളവരെ ഉള്‍പ്പെടുത്തി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി സഹായകേന്ദ്രങ്ങള്‍ തുടങ്ങുന്നത്‌ നന്നായിരിക്കുമെന്നു ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. കേരളത്തിലേക്ക്‌ മടങ്ങുന്ന പ്രവാസികള്‍ക്ക്‌ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും പ്രവാസി സഹായകേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താം. പ്രവാസികളിലേറെയും ജീവിക്കുന്നതിനായി മോശം സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നതിനാലാണ്‌ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവയ്‌ക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ലോക കേരളസഭയുടെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പൊതുഗുണത്തിനായി പ്രവാസി നിക്ഷേപങ്ങള്‍ സാധ്യമാക്കുന്ന പുതിയ നിക്ഷേപപദ്ധതികള്‍ക്കു രൂപം നല്‍കണം. വിവരസാങ്കേതികവിദ്യ, ടൂറിസം, ഇലക്ട്രോണിക്‌സ്‌ എന്നീ മേഖലകളില്‍ അടുത്ത അഞ്ചുവര്‍ഷത്തില്‍ പത്തുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന കേരളത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവാസി വ്യവസായികള്‍ മുന്നോട്ടുവരണം. ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കിയാല്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക്‌ ആഗോള തൊഴില്‍മേഖലയെ കീഴടക്കാനാകും. കേരളത്തിലെ 60 ലക്ഷംപേര്‍ പ്രവാസികളെ ആശ്രയിച്ചാണ്‌ കഴിയുന്നതെന്നു സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 86 ശതമാനം ആളുകളും ഗള്‍ഫ്‌ രാജ്യങ്ങളിലാണ്‌ ജോലിയെടുക്കുന്നത്‌. 3.4 ശതമാനംപേര്‍ യുഎസിലും മറ്റുള്ളവര്‍ കാനഡ, ന്യൂസിലാന്‍ഡ്‌, ആസ്‌ട്രേലിയ എന്നിവിടങ്ങളിലും തൊഴിലെടുക്കുന്നു. ഈ സാഹചര്യത്തില്‍ ലോക കേരളസഭ സംഘടിപ്പിച്ചത്‌ ഏറ്റവും അനുയോജ്യമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷതവഹിച്ചു.മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രന്‍, ഡോ.കെ.ടി.ജലീല്‍, മേയര്‍ വി.കെ.പ്രശാന്ത്‌, വിജയന്‍പിള്ള എംഎല്‍എ, ചീഫ്‌ സെക്രട്ടറി പോള്‍ ആന്റണി, കൗണ്‍സിലര്‍ പാളയം രാജന്‍, രവിപിള്ള, ഡോ.അനിരുദ്ധന്‍, നോര്‍ക്കറൂട്ട്‌സ്‌ എക്‌സിക്യുട്ടീവ്‌ വൈസ്‌ ചെയര്‍മാന്‍ കെ.വരദരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.