Breaking News

Trending right now:
Description
 
Jan 13, 2018

ആഫ്രിക്കന്‍രാജ്യങ്ങള്‍ക്കെതിരെ ട്രംപിന്റെ അശ്ലീല പരാമര്‍ശം

image ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും ഹെയ്‌റ്റിയില്‍നിന്നും കുടിയേറുന്നവരെ സംരക്ഷിക്കാന്‍ ചില യുഎസ്‌ ജനപ്രതിനിധികള്‍ നടത്തുന്ന ശ്രമത്തിനെതിരെ പ്രസിഡന്റ്‌ ട്രംപ്‌ രംഗത്ത്‌. യുഎസിനെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയാണ്‌ സഹായിക്കേണ്ടത്‌. അല്ലാതെ വിസര്‍ജ്യകേന്ദ്രമായ രാജ്യങ്ങളില്‍നിന്നുള്ളവരെയല്ല. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ ട്രംപ്‌ നടത്തിയ ഈ പരാമര്‍ശം വിവാദമാവുകയും ചെയ്‌തു. നോര്‍വേ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു നടത്തിയ സംയുക്ത മാധ്യമ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ വംശീയ ചുവയുള്ള അശ്ലീല പരാമര്‍ശം. സഭ്യതയ്‌ക്ക്‌ നിരക്കാത്ത ട്രംപിന്റെ വാക്കുകള്‍ പലമാധ്യമങ്ങളും വൃത്തികെട്ടത്‌ എന്നു മാറ്റിയെഴുതുകയും ചെയ്‌തു. ചില ഏഷ്യന്‍രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെ മാത്രം അമേരിക്ക സ്വീകരിച്ചാല്‍മതിയെന്ന നിലപാടാണ്‌ ട്രംപ്‌ എടുത്തത്‌. ഇവര്‍ അമേരിക്കന്‍ സാമ്പത്തികമേഖലയുടെ അഭിവൃദ്ധിക്കു സംഭാവനകള്‍ നല്‍കുന്നുണ്ട്‌. സംഭവം വിവാദമായതോടെ, താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നും കടുത്തഭാഷയില്‍ സംസാരിക്കുകയാണ്‌ ചെയ്‌തതെന്നും ട്രംപ്‌ വ്യക്തമാക്കി. ട്രംപ്‌ വംശീയവിദ്വേഷം പ്രകടിപ്പിക്കുകയാണ്‌ ചെയ്‌തതെന്ന്‌ പ്രതിപക്ഷ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ വിപ്പ്‌ സ്റ്റെനി എച്ച്‌.ഹോയര്‍ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍നിന്നും വംശങ്ങളില്‍നിന്നും മതങ്ങളില്‍നിന്നും കുടിയേറിയവര്‍ അമേരിക്കയുടെ സൃഷ്ടിയില്‍ വളരെയധികം പങ്കുവഹിച്ചിട്ടുണ്ടെന്നു ഹോയര്‍ വ്യക്തമാക്കി. അതേസമയം, ആഫ്രിക്കന്‍രാജ്യങ്ങളെ അധിക്ഷേപിച്ച ട്രംപ്‌ മാപ്പുപറയണമെന്നു ആഫ്രിക്കന്‍രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടന ആവശ്യപ്പെട്ടു. ട്രംപിന്റെ പരാമര്‍ശത്തെ ഐക്യരാഷ്ട്ര സംഘടനയും വിമര്‍ശിച്ചു.