Breaking News

Trending right now:
Description
 
Jan 13, 2018

പുനരധിവാസ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകണം: രമേശ്‌ ചെന്നിത്തല

image പ്രവാസികളുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാകണമെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ലോക കേരളസഭയിലെ ആദ്യ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ആളുകള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നു മടങ്ങിവരുന്നത്‌ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്‌. മടങ്ങിവരുന്നവരുടെ പുനരധിവാസം ഗൗരവത്തില്‍ കാണണം. കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ്‌ രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങളില്‍ വന്ന കാര്‍ക്കശ്യം പ്രവാസികള്‍ക്ക്‌ ഭീഷണിയായിട്ടുണ്ട്‌. നിതാഖത്ത്‌ പോലുള്ള സ്വദേശിവത്‌കരണ നിയമങ്ങള്‍ മലയാളികളുടെ സാധ്യതകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചു. രാജ്യാന്തര പെട്രോളിയം മാര്‍ക്കറ്റിലുണ്ടായ വിലയിടിവും പ്രവാസി മലയാളികളുടെ തൊഴില്‍ അവസരങ്ങളെ ബാധിച്ചിട്ടുണ്ട്‌. എണ്ണക്കമ്പനികള്‍ ഐസെ്‌ ഏറ്റെടുത്ത സാഹചര്യവും ചില ഗള്‍ഫ്‌ രാജ്യങ്ങളിലുണ്ട്‌. ഇതും ഏറെ പ്രതിസന്ധിയാണ്‌ സൃഷ്ടിക്കുന്നത്‌. പ്രവാസികളായ അവിദഗ്‌ധ തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്‌. ജര്‍മനി പോലുള്ള പല വികസിത രാജ്യങ്ങളിലും വിദഗ്‌ധ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഇക്കാലത്ത്‌ ആവശ്യത്തിനു അനുസരിച്ച കൂടുതല്‍ വിദഗ്‌ധ തൊഴിലാളികളെ സൃഷ്ടിക്കാനും നമുക്കു കഴിയണം. പ്രവാസികളും വിദേശരാജ്യങ്ങളില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളും തട്ടിപ്പിന്‌ ഇരയാകുന്ന സാഹചര്യവുമുണ്ട്‌. ഇതും നഴ്‌സിങ്‌ മേഖല ഉള്‍പ്പെടെയുള്ള തൊഴില്‍ രംഗത്ത്‌ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. റിക്രൂട്ടിങ്‌ രംഗത്തു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു.