Breaking News

Trending right now:
Description
 
Jan 13, 2018

പ്രവാസികളുടെ സഹയത്തോടെ അക്കാദമിക്‌ നവീകരണം സാധ്യമാക്കും: മുഖ്യമന്ത്രി

image തിരുവനന്തപുരം: പ്രവാസികളുടെ സഹായത്തോടെ അക്കാദമിക്‌ നവീകരണം സാധ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരളാസഭയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിക്‌ നവീകരണം സാധ്യമാക്കുന്നതിനുവേള്ള സാധ്യതകള്‍ ലോക കേരള സഭ ഒരുക്കുന്ന വേദി ആരായും. പ്രവാസിയുടെ പണം ഉപയോഗിക്കാമെന്നല്ലാതെ വിജ്ഞാനവും നൈപുണ്യവും അനുഭവജ്ഞാനവും ഉപയോഗിക്കാം എന്ന്‌ ഇതുവരെ ആരും കാര്യമായി ചിന്തിച്ചില്ല. അക്കാര്യം ലോക കേരളസഭ മുഖ്യലക്ഷ്യങ്ങളിലൊന്നാക്കുകയാണ്‌. പ്രവാസം മസ്‌തിഷ്‌ക ചോര്‍ച്ചയ്‌ക്കു വഴിവയ്‌ക്കുന്നുവെന്നു വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍, ഈ ചോര്‍ച്ചയെ നേട്ടമാക്കാം. ലോക വൈജ്ഞാനിക മേഖലകളിലേക്ക്‌ എത്തുന്ന പ്രവാസി മലയാളി അവിടുത്തെ അനുഭവങ്ങള്‍കൂടി സ്വാംശീകരിച്ചുകൊണ്ട്‌ ബൗദ്ധികമായി വളരുമ്പോള്‍ ആ ബൗദ്ധികത കേരളത്തിനുകൂടി പ്രയോജനപ്പെടുത്തണം. മലയാളികളായ പ്രവാസി ശാസ്‌ത്രജ്ഞരുടെയും വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും സേവനം അവരുടെ കേരള സന്ദര്‍ശനവേളകളില്‍ നമ്മുടെ സര്‍വകലാശാലകളിലും കോളജുകളിലും പ്രയോജനപ്പെടുത്താവുന്നതാണ്‌. അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക്‌ നമ്മുടെ വിജ്ഞാനഘടനയെ വിളക്കിച്ചേര്‍ക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ക്കു കഴിയും. അങ്ങനെ കൂടുതല്‍ നൈപുണ്യവും പ്രാവീണ്യവുമുള്ള പ്രതിഭകളെ വാര്‍ത്തെടുത്ത്‌ ലോകത്തിനു നല്‍കാനാവും. പുതുകാലത്തെ തൊഴില്‍ കമ്പോളങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ പ്രാപ്‌തരായി പുതുതലമുറയെ വാര്‍ത്തെടുക്കണം. ഇതിനുള്ള സാധ്യതാന്വേഷണ, സമ്പര്‍ക്കവേദിയായി ലോക കേരളസഭയ്‌ക്കു പ്രവര്‍ത്തിക്കാനാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി നിക്ഷേപത്തില്‍ നാടിന്റെ വികസനം സാധ്യമാകുന്ന പദ്ധതികള്‍ക്കുള്ള സാധ്യത ആരായുമെന്നും അദ്ദേഹം പറഞ്ഞു.