Breaking News

Trending right now:
Description
 
Jan 10, 2018

എച്ച്‌1 ബി വീസയില്‍ നയംമാറ്റമില്ലെന്നു യുഎസ്‌; 7.5 ലക്ഷം ഇന്ത്യാക്കാര്‍ക്ക്‌ ജോലി നഷ്ടപ്പെടില്ല

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image എച്ച്‌1 ബി താല്‍ക്കാലിക വീസാ നിയമം കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നീക്കം യുഎസ്‌ ഭരണകൂടം ഉപേക്ഷിച്ചു. പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ നയത്തിന്റെ ഭാഗമായി എച്ച്‌1 ബി വീസ നിയമങ്ങളില്‍ മാറ്റം വരുത്തനായിരുന്നു സര്‍ക്കാരിന്റെ നീക്കം. ഇത്‌ 7.50 ലക്ഷം യുഎസ്‌ ഇന്ത്യാക്കാരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. നിയമം നടപ്പാക്കിയാല്‍ ഇവര്‍ക്ക്‌ നാട്ടിലേക്കു മടങ്ങേണ്ടിവരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ ഇന്ത്യന്‍ സമൂഹം ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നതിനു പിന്നാലെ ഇത്തരമൊരു നീക്കത്തിനു സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നു യുഎസ്‌ സിറ്റിസണ്‍ഷിപ്പ്‌ ആന്‍ഡ്‌ ഇമിഗ്രേഷന്‍ സര്‍വീസ്‌ (യുഎസ്‌ സിഐഎസ്‌) വ്യക്തമാക്കി. എച്ച്‌1 ബി താല്‍ക്കാലിക വീസയില്‍ യുഎസില്‍ കഴിയുന്നവരെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള യാതൊരു മാറ്റവും ട്രംപ്‌ ഭരണകൂടം പരിഗണിക്കുന്നില്ലെന്നു യുഎസ്‌ സിഐഎസ്‌ വ്യക്തമാക്കി. അതേസമയം, ജോലികളില്‍ നാട്ടുകാര്‍ക്കു മുന്‍ഗണന നല്‍കുകയെന്ന ട്രംപിന്റെ നയത്തിന്റെ അടിസ്ഥാനത്തില്‍ വീസ പുതുക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ യുഎസ്‌ സിഐഎസ്‌ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ട്രംപിന്റെ നയം യാഥാര്‍ഥ്യമാക്കുന്നതിന്‌ മറ്റുചില പരിഷ്‌കാരങ്ങള്‍ പരിഗണനയിലുണ്ടെന്ന്‌ യുഎസ്‌ സിഐഎസിന്റെ മാധ്യമവിഭാഗം മേധാവി ജൊനാഥന്‍ വിതിങ്‌ടന്‍ വ്യക്തമാക്കി. അമേരിക്കയില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ ഐടി ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്‌ എച്ച്‌1 ബി പോലുള്ള താല്‍ക്കാലിക വീസകളാണ്‌. യുഎസിലെ ഇന്ത്യാക്കാരുടെ ഭാവി ആശങ്കയിലാക്കിയ നിയമത്തിനു താല്‍ക്കാലി വിരാമമായെന്നും ഇതില്‍ അതിയായ സന്തോഷമുണ്ടെന്നും ഫൊക്കാന പ്രസിഡന്റ്‌ തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രഷറര്‍ ഷാജിവര്‍ഗീസ്‌, എക്‌സിക്യുട്ടിവ്‌ വൈസ്‌ പ്രസിഡന്റ്‌ ജോയ്‌ ഇട്ടന്‍ തുടങ്ങിയവര്‍ അറിയിച്ചു.