Breaking News

Trending right now:
Description
 
Jan 09, 2018

ഹെലികോപ്‌റ്റര്‍ ഇടപാട്‌ കേസ്‌: വിധി കോണ്‍ഗ്രസിന്‌ ആശ്വാസം

image രണ്ടാം യുപിഎ സര്‍ക്കാരിനെ ഉലച്ച അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്‌ ഹെലികോപ്‌റ്റര്‍ ഇടപാട്‌ കേസിലെ വിധി കോണ്‍ഗ്രസിന്‌ ആശ്വാസത്തിനു വകയായി. ഇറ്റലിയിലെ വിമാനക്കമ്പനിയായ ഫിന്‍മെക്കാനിയയുടെ മുന്‍ പ്രസിഡന്റ്‌ ഗിസപ്പെ ഓര്‍സി, കമ്പനിയുടെ ഉപസ്ഥാപനമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്‌ മുന്‍ സിഇഒ ബ്രൂണോ സ്‌പഗ്നോലിനി എന്നിവരെ ഇറ്റലിയിലെ മിലാന്‍ കോടതി വിട്ടയച്ചു. 2014ല്‍ ഇരുവര്‍ക്കും നാലുവര്‍ഷം തടവ്‌ വിധിച്ചിരുന്നു. 2ജി അഴിമതിക്കേസിനു പിന്നാലെയാണ്‌ കോണ്‍ഗ്രസിനു ക്ലീന്‍ചീറ്റ്‌ ഉറപ്പാക്കുംവിധം വിധി ഉണ്ടായിരിക്കുന്നത്‌. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്‌ക്കായി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍നിന്നു 3760 കോടി രൂപയ്‌ക്ക്‌ 12 എഡബ്ല്യു 101 ഹെലികോപ്‌റ്ററുകള്‍ വാങ്ങാന്‍ 2010-ല്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയമുണ്ടാക്കിയ കരാറാണ്‌ കേസിന്‌ ഇടയായത്‌. ഇടപാടില്‍ 450 കോടിരൂപയുടെ കോഴ ഇടപാട്‌ നടന്നുവെന്നും കരാറുവഴി ഖജനാവിന്‌ 2,666 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ്‌ സിബിഐയുടെ കണ്ടെത്തല്‍. വ്യോമസേന മുന്‍മേധാവി എസ്‌.പി ത്യാഗി ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കും ഒരു കമ്പനിക്കുമെതിരെ കഴിഞ്ഞ സെപ്‌റ്റംബറില്‍ സിബിഐ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. അതേസമയം, ഇപ്പോഴത്തെ വിധി തങ്ങളുടെ കേസിനെ ബാധിക്കില്ലെന്നാണ്‌ കേസ്‌ അന്വേഷിക്കുന്ന സിബിഐയുടെ നിലപാട്‌. വിദേശത്ത്‌ പ്രതികള്‍ക്ക്‌ അപ്പീല്‍ പോകാന്‍ കഴിയുമെന്നും എന്നാല്‍ അവര്‍ക്കെതിരേ തങ്ങളുടെ കൈവശം ശക്തമായ തെളിവുകള്‍ ഉണ്ടെന്നു സിബിഐ വ്യക്തമാക്കി.