Breaking News

Trending right now:
Description
 
Jan 09, 2018

കേന്ദ്രസര്‍ക്കാര്‍ മലക്കം മറിഞ്ഞു: തിയറ്ററുകളില്‍ ദേശീയഗാനം വേണ്ടെന്ന്‌

image സിനിമ തുടങ്ങുംമുമ്പ്‌ തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന നിലപാട്‌മാറ്റി കേന്ദ്രസര്‍ക്കാര്‍. തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്നതുസംബന്ധിച്ചു സുപ്രീംകോടതി ഉത്തരവ്‌ ഉടന്‍ നടപ്പാക്കരുതെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. ദേശീയഗാനം ആലപിക്കുന്നതുസംബന്ധിച്ച്‌ ആറുമാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വിശാലചര്‍ച്ചകള്‍ക്കു ശേഷമേ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാനാകൂ. ഇതിനായി ആറുമാസത്തെ സമയം വേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാര്‍ഗനിര്‍ദേശങ്ങള്‍ രൂപികരിച്ചാല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറക്കുമെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു. 2016 നവംബര്‍ 30ലെ സുപ്രീംകോടതി ഉത്തരവിനുമുമ്പുള്ള സ്ഥിതി പുനസ്ഥാപിക്കണം എന്നാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ നല്‍കിയ അഞ്ചുപേജുള്ള സത്യവാങ്‌ മൂലകത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുകയും ദേശീയഗാനം വയ്‌ക്കുന്ന സമയത്ത്‌ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്നു കോടതി ഉത്തരവിടുകയും ചെയ്‌തിരുന്നു. ഈ ഉത്തരവിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജി ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്‌മൂലം.