Breaking News

Trending right now:
Description
 
Jan 08, 2018

കൊച്ചി മെട്രോ: മാസം 6.60 കോടിരൂപ നഷ്ടം

image കൊട്ടിഘോഷിച്ചു നടപ്പാക്കിയ കൊച്ചി മെട്രോ പ്രതിദിനം നഷ്ടത്തിലേക്ക്‌. മെട്രോയുടെ വരവും ചെലവും തമ്മില്‍ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്‌. മാസം 6.60 കോടി രൂപയുടെ നഷ്ടം. മെട്രോയുടെ ഒരുദിവസത്തെ നടത്തിപ്പു ചെലവ്‌ 38 ലക്ഷംവരുമ്പോള്‍ പ്രതിദിന ടിക്കറ്റ്‌ കലക്ഷന്‍ 12 ലക്ഷം രൂപ മാത്രമേയുള്ളൂ. 5.16 ലക്ഷം രൂപ ടിക്കറ്റ്‌ ഇതര വരുമാനവുമുണ്ട്‌. മെട്രോയുടെ കാര്യത്തില്‍ സര്‍ക്കാരിനു ആദ്യമുണ്ടായിരുന്ന ഉത്സാഹമൊന്നും ഇപ്പോഴില്ലെന്നാണ്‌ വെളിപ്പെടുന്നത്‌. മറ്റു മെട്രോകള്‍ ടിക്കറ്റ്‌ ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോള്‍ അത്തരം വരുമാനത്തിനുള്ള കൊച്ചി മെട്രോയുടെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്‌. കാക്കനാട്‌ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ മെട്രോ ടൗണ്‍ഷിപ്പ്‌ പദ്ധതിക്കായി 17 ഏക്കര്‍ സ്ഥലം കൈമാറാനുള്ള തീരുമാനമായി എന്നു പറഞ്ഞിട്ട്‌ ഒന്നരവര്‍ഷമായി. പദ്ധതിക്ക്‌ കാലതാമസം നേരിടുന്നത്‌ വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈകുംതോറും വരുമാനവും ചെലവും തമ്മിലുള്ള അന്തരംകൂടി മെട്രോ വന്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തും. പ്രതിദിനം 70,000 യാത്രക്കാരെങ്കിലും യാത്ര ചെയ്യാനുണ്ടെങ്കില്‍ മാത്രമേ കൊച്ചി മെട്രോയ്‌ക്കു വരവും ചെലവും ഒത്തുപോകൂ. ഇപ്പോള്‍ പ്രതിദിനം 35,000-50000 യാത്രക്കാരേ മെട്രോയില്‍ യാത്രചെയ്യുന്നുള്ളൂ. മറ്റുവരുമാനത്തിനായി ഡല്‍ഹി മെട്രോ രണ്ട്‌ ഐടി പാര്‍ക്കുകള്‍ നടത്തുന്നുണ്ട്‌. ചെന്നൈ മെട്രോയ്‌ക്കും ബാംഗളൂര്‍ മെട്രോയ്‌ക്കും വാണിജ്യാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ അതാതു സര്‍ക്കാരുകള്‍ ധാരാളം സ്ഥലം കൈമാറിയിട്ടുണ്ട്‌.