Jan 08, 2018
പവര്‍ലിഫ്റ്റിങ് ലോകചാമ്പ്യന് ഉള്‍പ്പെടെ അഞ്ചുപേര്‍ കാര്‍ അപകടത്തില്‍ മരിച്ചു
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നു കാര്‍ നിയന്ത്രണംവിട്ട്
ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പവര്‍ലിഫ്റ്റിങ് ലോകചാമ്പ്യന്
ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ലോക ചാമ്പ്യന്‍ സക്ഷം യാദവ്,
സംസ്ഥാനതലതാരങ്ങളായ നികംചന്ദ്, സൗരഭ്, യോഗേഷ്, ഹരീഷ് റോയ് എന്നിവരാണ്
മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ആലിപൂര്‍
ഗ്രാമത്തിലെ ദേശീയ പാതയിലായിരുന്നു അപകടം. ഗുരുതര പരുക്കുകളോടെ എയിംസ്
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാക്ഷം യാദവ് വൈകിട്ടാണ് മരിച്ചത്.
മറ്റുള്ളവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ഡല്‍ഹിയില്‍നിന്നു
പാനിപ്പട്ടിലേക്കു പോവുകയായിരുന്നു ഇവര്‍. കാര്‍ അമിതവേഗതയിലായിരുന്നു.
ഡിവൈഡറില്‍ ഇടിച്ച കാര്‍ പലതവണ മലക്കംമറിഞ്ഞ് വഴിയരുകിലെ തൂണില്‍
ഇടിച്ചാണ് നിന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കനത്ത
മൂടല്‍മഞ്ഞാണ് അപകടത്തിനു കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
വാഹനത്തില്‍നിന്നു മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. താരങ്ങള്‍
മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. മോസ്കോയില്‍
ഡിസംബറില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് സക്ഷം യാദവ് കിരീടം നേടിയത്.