Breaking News

Trending right now:
Description
 
Jan 07, 2018

കുറ്റിപ്പുറത്ത്‌ കണ്ടെത്തിയ കുഴിബോംബുകള്‍ക്കു പിന്നില്‍ മാവോയിസ്‌റ്റുകള്‍?

image ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയോരത്ത്‌ കഴിഞ്ഞദിവസം കണ്ടെത്തിയ ഉഗ്രശേഷിയുള്ള കുഴിബോംബുകള്‍ക്കു പിന്നില്‍ മാവോയിസ്‌റ്റുകളെന്നു സംശയം. സൈനിക ക്യാംപുകളില്‍നിന്നു മാവോയിസ്‌റ്റുകള്‍ പിടിച്ചെടുത്തു കൊണ്ടുവന്നതായിരിക്കാമെന്നാണ്‌ പൊലീസ്‌ അനുമാനിക്കുന്നത്‌. കാഷ്‌മീര്‍ അതിര്‍ത്തിയിലോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലോ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ളവയാണ്‌ ഇവ. എആര്‍ ക്യാംപില്‍ അതീവ സുരക്ഷയിലാണ്‌ ബോംബുകള്‍ സൂക്ഷിച്ചിരിക്കുന്നത്‌. ചെന്നൈയില്‍നിന്നുള്ള നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ആറംഗസംഘം ശനിയാഴ്‌ച മലപ്പുറത്ത്‌ എത്തി ബോംബുകള്‍ പരിശോധിച്ചു. ബോംബുകള്‍ തല്‍ക്കാലം നിര്‍വീര്യമാക്കേണ്ടതില്ലെന്നാണ്‌ തീരുമാനം. വിദൂരനിയന്ത്രിത സ്‌ഫോടകവസ്‌തുവായ ക്ലേമോര്‍ കുഴിബോംബുകളാണ്‌ ഇവയെന്നാണ്‌ പ്രാഥമിക നിഗമനം. ഇവ പരിശോധിക്കാന്‍ സൈനിക സംഘം ഞായറാഴ്‌ചയോ തിങ്കളാഴ്‌ചയോ സ്ഥലത്തെത്തുമെന്നാണ്‌ സൂചന. അതേസമയം, ബോംബുകള്‍ എങ്ങനെ ഭാരതപ്പുഴയില്‍ എത്തിയെന്നതില്‍ ദുരൂഹത തുടരുകയാണ്‌.