Breaking News

Trending right now:
Description
 
Jan 07, 2018

അമേരിക്കന്‍ ഭീഷണിഫലിച്ചു; പാക്കിസ്ഥാന്‍ ഭീകരസംഘടനകളെ കരിമ്പട്ടികയില്‍പ്പെടുത്തി

image അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ ഭീഷണിക്കു അവസാനം പാക്കിസ്ഥാന്‍ വഴങ്ങി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ്‌ സയിദ്‌ നയിക്കുന്ന അമാഅത്‌ ഉദ്‌ വയടക്കം (ജെയുഡി) ഒട്ടേറെ ഭീകരസംഘടനകളെ പാക്കിസ്ഥാന്‍ കരിമ്പട്ടികയില്‍പ്പെടുത്തി. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയമാണ്‌ പട്ടിക പുറത്തുവിട്ടത്‌. വിലക്ക്‌ ഏര്‍പ്പെടുത്തിയ 72 സംഘടനകളുടെ പട്ടിക ഉള്‍പ്പെടെ പാക്‌ സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഈ ഭീകരസംഘടനകളെ സഹായിക്കുന്നവര്‍ക്ക്‌ 10 വര്‍ഷംവരെ ജയില്‍ശിക്ഷ നല്‍കുമെന്നും മുന്നറിയിപ്പുണ്ട്‌. ഇത്തരത്തില്‍ സഹായിക്കുന്നവരുടെ സ്വത്ത്‌ കണ്ടുകെട്ടുമെന്നും പാക്‌സര്‍ക്കാര്‍ വ്യക്തമാക്കി. ഭീകരര്‍ക്കു പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുകയാണെന്നു ആരോപിച്ച അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതോടെയാണ്‌ പാക്കിസ്ഥാന്‍ ഭീകരസംഘടനകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തയാറായത്‌. 115 കോടി ഡോളറിന്റെ സൈനികസഹായവും ആയുധങ്ങള്‍ നല്‍കുന്ന നടപടികളാണ്‌ അമേരിക്ക മരവിപ്പിച്ചത്‌. 15വര്‍ഷമായി 3300 കോടി ഡോളറിന്റെ സൈനിക സാമ്പത്തിക സഹായം കൈപ്പറ്റിയ പാക്കിസ്ഥാന്‍ വഞ്ചനയും കാപട്യവുമല്ലാതെ ഒന്നും നല്‍കിയിട്ടില്ലെന്നു ട്രംപ്‌ പുതുവത്സരദിനത്തില്‍ ട്വീറ്റ്‌ ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ്‌ കടുത്ത നടപടി സ്വീകരിച്ചത്‌.