Breaking News

Trending right now:
Description
 
Jan 06, 2018

ബോണക്കാട്‌ കുരിശുമലയാത്ര: വിശ്വാസികള്‍ക്കുനേര്‍ക്ക്‌ പൊലീസ്‌ ലാത്തിവീശി

image നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ കത്തോലിക്കാ വിശ്വാസികള്‍ ബോണക്കാട്‌ കുരിശുമലയിലേക്ക്‌ നടത്തിയ യാത്ര പൊലീസ്‌ തടഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കല്ലേറിലും പൊലീസ്‌ ലാത്തിചാര്‍ജിലും അവസാനിച്ചു. വൈദികര്‍ ഉള്‍പ്പെടെ 38 വിശ്വാസികള്‍ക്കും 22 പൊലീസുകാര്‍ക്കും കല്ലേറില്‍ പരുക്കേറ്റു. വര്‍ഷങ്ങളായി ജനുവരിയിലെ ആദ്യവെള്ളിയാഴ്‌ച വിശ്വാസികള്‍ നടത്തുന്ന കുരിശുയാത്രയുടെ ഭാഗമായി വെള്ളിയാഴ്‌ച നടത്തിയ ബോണക്കാട്‌ കുരിശുമലയാത്ര കാണിത്തടം ചെക്‌ പോസ്‌റ്റില്‍ പൊലീസ്‌ തടഞ്ഞതോടെയാണ്‌ സംഘര്‍ഷമുണ്ടായത്‌. പൊലീസ്‌ തീര്‍ത്ത ബാരിക്കേഡ്‌ മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളലുമുണ്ടായി. ഇതിനിടെ കല്ലേറുണ്ടാവുകയും പൊലീസ്‌ ലാത്തിവീശുകയുമായിരുന്നു. ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച്‌ വിശ്വാസികള്‍ വിതുര ജംക്ഷനില്‍ വാഹനഗാതഗതം തടസപ്പെടുത്തിയതോടെ ഇവിടെയും പൊലീസുമായി വാക്കേറ്റമുണ്ടായി. വീണ്ടും പൊലീസ്‌ ലാത്തിചാര്‍ജ്‌ നടത്തി. പരുക്കേറ്റവരെ വിതുര ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

പൊതുമുതല്‍ നടത്തിയതിനും പൊലീസിനു നേര്‍ക്ക്‌ കല്ലെറിഞ്ഞതിനും സമരക്കാര്‍ക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തു. ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്‌ച സെക്രട്ടറിയേറ്റിനു മുമ്പില്‍ ഉപവാസ സമരം പ്രഖ്യാപിച്ചിട്ടുണ്ട്‌. അതേസമയം, വനമേഖലയില്‍ കുരിശുമല തീര്‍ഥാടനത്തിന്റെ പേരില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ്‌ കുരിശുകള്‍ കഴിഞ്ഞ ഓഗസ്‌റ്റില്‍ വനം വകുപ്പ്‌ നീക്കം ചെയ്‌തതോടെ ഇവിടെ സംഘര്‍ഷമേഖലയായി. തുടര്‍ന്ന്‌ ഒരു മരക്കുരിശുമാത്രം നിലനിര്‍ത്താനും പ്രത്യേകാവസരങ്ങളില്‍ പ്രാര്‍ഥന അനുവദിക്കാനും തീരുമാനമായി. ഈ മരക്കുരിശ്‌ പിന്നീട്‌ ഇടിമിന്നലില്‍ തകര്‍ന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതു വനപാലകര്‍ തകര്‍ത്തുവെന്ന്‌ ആരോപിന്ന്‌ കുരിശ്‌ പുനസ്ഥാപിക്കാനായിരുന്നു വെള്ളിയാഴ്‌ച വിശ്വാസികള്‍ ശ്രമിച്ചതെന്നാണ്‌ ആരോപണം.