Breaking News

Trending right now:
Description
 
Dec 29, 2017

ജോസഫ്‌ പുലിക്കുന്നേലിന്റെ മൃതദേഹം അഗ്നി ഏറ്റുവാങ്ങി

image അന്തരിച്ച കത്തോലിക്കാസഭാ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ്‌ പുലിക്കുന്നേലിന്റെ മൃതദേഹം അഗ്നിഏറ്റുവാങ്ങി. ഇന്നു രാവിലെ പതിനൊന്നോടെ പാലാ ഓശാന മൗണ്ടില്‍ പ്രത്യേകം തയാറാക്കിയ ചിതയില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു ഇത്തരത്തില്‍ സംസ്‌കാരം നടത്തിയത്‌. പ്രത്യേക ശുശ്രൂഷകളൊന്നും ഇല്ലായിരുന്നു. ശുശ്രൂഷകള്‍ വേണ്ടെന്നു ജോസഫ്‌ പുലി്‌ക്കുന്നേല്‍ മരിക്കുംമുമ്പ്‌ വ്യക്തമാക്കിയിരുന്നു. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ വീട്ടിലെത്തി പ്രാര്‍ഥനനടത്തി. ചികിത്സയിലായിരുന്ന ജോസഫ്‌ പുലിക്കുന്നേല്‍ വ്യാഴാഴ്‌ച വെളുപ്പിനെയാണ്‌ മരിച്ചത്‌. കണ്ണുകള്‍ ദാനം ചെയ്‌തു. ഇടമറ്റം പുലിക്കുന്നേല്‍ കുടുംബത്തില്‍ 1932 ഏപ്രില്‍ 14നായിരുന്നു ജനനം. സഭയെ വിമര്‍ശിക്കുന്ന കാര്യത്തില്‍ മുന്നിലായിരുന്നു അദ്ദേഹം. കോഴിക്കോട്‌ ദേവഗിരി കോളജില്‍ അധ്യാപകനായിരുന്നു. പുലിക്കുന്നേലിന്റെ നേതൃത്വത്തിലാണ്‌ ഓശാന മാസിക ആരംഭിച്ചത്‌. സഭാ വിമര്‍ശനമായിരുന്നു ഇതിനുപിന്നില്‍. സഭയുടെ നിയമക്കുരുക്കുകളില്‍പെട്ട വിവാഹങ്ങളുടെയും ശവസംസ്‌കാരങ്ങളുടെയും കാര്‍മികനായിരുന്നു അദ്ദേഹം. 2008-ല്‍ ഭാര്യ കൊച്ചുറാണി നിര്യാതയായപ്പോള്‍ ഇടമറ്റത്തെ ഓശാനമൗണ്ടിലെ സ്വന്തം മണ്ണില്‍ ചിതയൊരുക്കി ദഹിപ്പിക്കുകയായിരുന്നു.

തന്റെ ശേഷക്രിയ എങ്ങനെ വേണമെന്നു മുന്‍കൂട്ടി തീരുമാനിച്ച്‌ അച്ചടിച്ചു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറിയിരുന്നു. അതില്‍പ്രകാരമാണ്‌ ജോസഫ്‌ പുലിക്കുന്നേലിന്റെ സംസ്‌കാരചടങ്ങുകള്‍ നടന്നത്‌. ബ്‌ന്ധുക്കള്‍ക്ക്‌ അച്ചടിച്ചുനല്‍കിയ നിര്‍ദേശങ്ങളില്‍ ചിലത്‌: എന്റെ മൃതദേഹം കുടുംബംവകയായ എന്റെ സ്വന്തം ഭൂമിയില്‍ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യണം. അനുശോചനയോഗം പാടില്ല. സാധാരണ ഞാന്‍ ധരിക്കുന്ന ഖദര്‍ വസ്‌ത്രമായിരിക്കണം മൃതദേഹത്തില്‍ ധരിപ്പിക്കേണ്ടത്‌. തലഭാഗത്ത്‌ ആചാരപരമായി കുരിശുവയ്‌ക്കുന്നതും തിരിവയ്‌ക്കുന്നതും ഒഴിവാക്കണം. മൃതദേഹത്തില്‍ റീത്തുവയ്‌ക്കാന്‍ പാടില്ല. മൃതദേഹം മോര്‍ച്ചറിയില്‍ വയ്‌ക്കാതെ കഴിവതുംവേഗം മറവുചെയ്യണം. മറവുചെയ്‌ത സ്ഥലത്ത്‌ ആചാരപരമായ ഒരു കര്‍മവും വേണ്ട. മൃതദേഹം വയ്‌ക്കാനുള്ള പെട്ടി ഞാന്‍ പണിതുവച്ചിട്ടുണ്ട്‌. എന്റെ മൃതദേഹ സംസ്‌കാരം പലിക്കുന്നേല്‍ ഫൗണ്ടേഷന്‍ അംഗങ്ങളുടെ മേല്‍നോട്ടത്തില്‍വേണം നടത്താന്‍. സംസ്‌കാരത്തിനുള്ള സ്ഥലം തിരഞ്ഞെടുക്കേണ്ടത്‌ ഫൗണ്ടേഷന്‍ അംഗങ്ങളാണ്‌. അതിനുള്ള ചെലവ്‌ അവരെ ഏല്‍പ്പിച്ചിട്ടുണ്ട്‌.