Breaking News

Trending right now:
Description
 
Dec 17, 2017

മാണി അവസരവാദി; എല്‍ഡിഎഫിന്‌ ആവശ്യമില്ല: കാനം രാജേന്ദ്രന്‍

image അവസരവാദികളെ എല്‍ഡിഎഫിന്‌ ആവശ്യമില്ലെന്നും കെ.എം.മാണിയെ വേണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കടുത്തഭാഷയില്‍ വ്യക്തമാക്കി. അഴിമതിക്കാരെ വെള്ളപൂശി ഇടതുപക്ഷത്തു കൊണ്ടുവന്നാല്‍ അപ്പോള്‍ അഭിപ്രായം വ്യക്തമാക്കും. കോട്ടയത്ത്‌ ചിലര്‍ ഇടതുപക്ഷത്തേക്കു വരാന്‍ താല്‍പര്യം അറിയിച്ചതായി പറയുന്നുണ്ട്‌. തല്‍ക്കാലം അത്തരം ആളുകളെ ആവശ്യമില്ല. മാണി തയാറാണെങ്കിലും അക്കാര്യം ഇതുവരെ എല്‍ഡിഎഫ്‌ ചര്‍ച്ച ചെയ്‌തിട്ടില്ലെന്നു കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം, മുന്നണി പ്രവേശനത്തിനായി ആരുടെ മുമ്പിലും അപേക്ഷയുമായി പോയിട്ടില്ലെന്നു കാനം രാജേന്ദ്രന്റെ പ്രസ്‌താവന ശ്രദ്ധയില്‍പെട്ട കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ കെ.എം.മാണി പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസ്‌ ഉപാധിപട്ടിക മുന്നോട്ടു വയ്‌ക്കുകയാണ്‌. അതുമായി യോജിക്കുന്ന മുന്നണിക്കൊപ്പം പോകും. അതിന്‌ ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ ബിജെപിയെന്നോ ഇല്ല. എന്നാല്‍, ക്ഷണിക്കുന്ന എല്ലായിടത്തുംപോകില്ല. തങ്ങളുടെ ഉപാധികള്‍ ആരും അംഗീകരിച്ചില്ലെങ്കില്‍ ഒറ്റയ്‌ക്കുതന്നെ മുന്നോട്ടുപോകുമെന്നും മാണി വ്യക്തമാക്കി.