Breaking News

Trending right now:
Description
 
Dec 17, 2017

ഗുജറാത്ത്‌, ഹിമാചല്‍ തിരഞ്ഞെടുപ്പു ഫലം നാളെ

image രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗുജറാത്ത്‌, ഹിമാചല്‍ പ്രദേശ്‌ തിരഞ്ഞെടുപ്പു ഫലം തിങ്കളാഴ്‌ച. അതേസമയം, ഗുജറാത്തില്‍ രണ്ടാംഘട്ടത്തിലെ ഏഴു ബൂത്തുകളില്‍ ഇന്നു റീപോളിങ്‌ നടക്കും. സാങ്കേതിക കാരണങ്ങളാലാണ്‌ റീ പോളിങ്‌ നടത്തുന്നതെന്നാണ്‌ തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം. ദലിത്‌ നേതാവ്‌ ജിഗ്നേശ്‌ മെവാനി മത്സരിക്കുന്ന വഡ്‌ഗാമിലെ ചില ബൂത്തുകള്‍ അടക്കമാണ്‌ റീപോളിങ്‌ നടക്കുന്നത്‌. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തില്‍വരുമെന്നാണ്‌ എക്‌സിറ്റ്‌ പോള്‍ പ്രവചനം. ഇതിനിടെ ഗുജറാത്തില്‍ വോട്ടിങ്‌ യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തു ഹാര്‍ദിക്‌ പട്ടേലും അല്‍പേശ്‌ ഠാക്കൂറും രംഗത്തെത്തിയിട്ടുണ്ട്‌. യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടിനൊപ്പം വോട്ട്‌ രസീതുകൂടി എണ്ണണമെന്നു കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചതിനു പിന്നാലെയാണ്‌ വോട്ടിങ്‌ യന്ത്രങ്ങളില്‍ വന്‍ കൃത്രിമം നടത്താന്‍ ബിജെപി ശ്രമിച്ചേക്കുമെന്ന ആരോപണവുമായി ഹാര്‍ദിക്‌ പട്ടേല്‍ രംഗത്ത്‌ എത്തിയത്‌. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യന്ത്രങ്ങളുടെ സത്യസന്ധത തെളിയിക്കാന്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വോട്ട്‌ രസീതുകള്‍കൂടി എണ്ണണമെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കി.