Breaking News

Trending right now:
Description
 
Dec 15, 2017

മധ്യപ്രദേശില്‍ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കിടെ കസ്‌റ്റഡിയിലെടുത്ത വൈദികരെ വിട്ടയച്ചു

image മധ്യപ്രദേശിലെ സത്‌നയിലെ സെമിനാരിയില്‍ നിന്നുള്ള ക്രിസ്‌മസ്‌ കാരള്‍ സംഘത്തെ ബജ്‌റങ്‌ദള്‍ പ്രവര്‍ത്തകരുടെ ആവശ്യത്തെ തുടര്‍ന്നു പൊലീസ്‌ സ്റ്റേഷനില്‍ തടഞ്ഞുവച്ചു. മണിക്കൂറുകളോളം സ്‌റ്റേഷനില്‍ കഴിഞ്ഞ ഇവരെ വെള്ളിയാഴ്‌ച പുലര്‍ച്ചെ വിട്ടയച്ചു. സീറോ മലബാര്‍സഭയുടെ നിയന്ത്രണത്തിലുള്ള സത്‌ന രൂപതയിലെ സെന്റ്‌ എഫ്രേം സെമിനാരിയിലെ രണ്ടു വൈദികരെയും മുപ്പതോളം വൈദികവിദ്യാര്‍ഥികളെയുമാണ്‌ തടഞ്ഞുവച്ചത്‌. ബുംകാര്‍ ഗ്രാമത്തില്‍ പ്രദേശവാസികള്‍ക്കായി ഒരുക്കിയ ക്രിസ്‌മസ്‌ ആഘോഷത്തിനിടെ ബജ്‌റങ്‌ദള്‍ പ്രവര്‍ത്തകര്‍ എത്തി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. വൈദിക വിദ്യാര്‍ഥികളെ അന്വേഷിച്ചെത്തിയ വൈദികരുടെ കാര്‍ കത്തിച്ചതായും പരാതിയുണ്ട്‌. ബജ്‌റങ്‌ദള്‍ പ്രവര്‍ത്തകര്‍ വൈദിക വിദ്യാര്‍ഥികളെ തടഞ്ഞതായി വിവരം അറിഞ്ഞെത്തിയ പൊലീസ്‌ വിദ്യാര്‍ഥികളെയും വൈദികരെയും സ്റ്റേഷനിലേക്ക്‌ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ബജ്‌റങ്‌ദള്‍ പ്രവര്‍ത്തകരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ പൊലീസ്‌ ഇങ്ങനെ ചെയ്‌തത്‌. ക്രിസ്‌മസ്‌ ആഘോഷം അവസാനഘട്ടത്തിലെത്തിയപ്പോള്‍ ബജ്‌റങ്‌ദള്‍ പ്രവര്‍ത്തകര്‍ മതമാറ്റം ആരോപണം ഉന്നയിച്ച്‌ സംഘമായി എത്തി പ്രശ്‌നംസൃഷ്ടിക്കുകയായിരുന്നു. ഇന്നു രാവിലെ സത്‌ന പൊലീസ്‌ സൂപ്രണ്ടിന്റെ മുമ്പാകെ കസ്റ്റഡിയിലെടുത്തവരെ ഹാജരാക്കിയശേഷമാണ്‌ വിട്ടയച്ചത്‌.