Breaking News

Trending right now:
Description
 
Dec 15, 2017

ഫാസിസ്റ്റ്‌ ശക്തികളോട്‌ സിപിഎമ്മിന്റെ നയമെന്തെന്ന്‌ രാഹുല്‍

image രാജ്യത്തെ തകര്‍ക്കുന്ന ഫാസിസ്റ്റ്‌ ശക്തികളെ എതിര്‍ക്കാന്‍ സിപിഎമ്മിനു താല്‍പര്യമുണ്ടോയെന്നും നയംവ്യക്തമാക്കണമെന്നും കോണ്‍ഗ്രസിന്റെ നിയുക്ത അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. യുഡിഎഫിന്റെ നേതൃത്വത്തില്‍ രമേശ്‌ ചെന്നിത്തല നടത്തിയ പടയൊരുക്കം യാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബിജെപി ഉയര്‍ത്തുന്ന ഫാസിസമാണ്‌. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുന്നില്ലെങ്കില്‍ അവരെ പിന്തുണയ്‌ക്കുന്നുവെന്നാണ്‌ അര്‍ഥം. ബിജെപിയാണു വലിയ ശത്രുവെന്നു സിപിഎം അംഗീകരിക്കുന്നുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിനു ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള അടുത്ത സര്‍ക്കാരിലാണ്‌ ജനങ്ങള്‍ക്ക്‌ പ്രതീക്ഷ. ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ തയാറാക്കണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കോതെരിയും കടുത്ത വിമര്‍ശനമാണ്‌ രാഹുല്‍ നടത്തിയത്‌. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുവര്‍ഷം മുമ്പ്‌ അധികാരത്തിലേറിയപ്പോള്‍ പറഞ്ഞതൊക്കെയും ജനങ്ങള്‍ വിശ്വസിച്ചു. അ്‌ദ്ദേഹം പറയുന്നത്‌ ഒന്നും മനസില്‍ വിചാരിക്കുന്നത്‌ മറ്റൊന്നുമാണെന്നു മനസിലാക്കാന്‍ വൈകി. അദ്ദേഹത്തിന്റെ വാക്കുകളൊന്നും ഇപ്പോള്‍ ജനം വിശ്വസിക്കാതെയായി. നോട്ടുനിരോധനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു ജനങ്ങള്‍ കരകയറുംമുമ്പ്‌ ജിഎസ്‌ടി ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു. ജിഎസ്‌ടി ലളിതമാക്കണമെന്നും പെട്രോളും ഡീസലും ഉള്‍പ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ കേട്ടില്ലെന്നു രാഹുല്‍ കുറ്റപ്പെടുത്തി. അഴിമതിയെക്കുറിച്ച്‌ വാതോരാതെ പറഞ്ഞുകൊണ്ടിരുന്ന മോദി ഇപ്പോള്‍ ആ വാക്ക്‌ പറയുന്നുപോലുമില്ല. അമിത്‌ഷായുടെ മകന്‍ മൂന്നുമാസംകൊണ്ട്‌ 50,000 രൂപ 80 കോടിയാക്കിയതിനെക്കുറിച്ചും റഫേല്‍ യുദ്ധവിമാനക്കരാര്‍ അടുപ്പക്കാരനായ വ്യവസായിക്കു നല്‍കിയതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക്‌ മോദിക്കു മറുപടിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.