Breaking News

Trending right now:
Description
 
Dec 14, 2017

ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ക്രൂരന്‍; ശിക്ഷ ഇന്നു പ്രഖ്യാപിക്കും

image പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ നിയമവിദ്യാര്‍ഥിനി കുറ്റിക്കാട്ട്‌ ജിഷ (29) കൊല്ലപ്പെട്ട കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്നു കഴിഞ്ഞദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി കണ്ടെത്തിയെങ്കിലും ശിക്ഷ പ്രഖ്യാപിക്കുന്നത്‌ വ്യാഴാഴ്‌ചത്തേക്കു മാറ്റിവച്ചു. ബുധനാഴ്‌ച പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും അന്തിമവാദം കോടതി കേട്ടു. തുടര്‍ന്നാണ്‌ ശിക്ഷ വ്യാഴാഴ്‌ച വിധിക്കുമെന്നു പ്രഖ്യാപിച്ചത്‌. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ 31-ാം നമ്പര്‍ മുറിവിന്റെ ക്രൂരത വിവരിച്ച പ്രോസിക്യൂഷന്‍, പ്രതി അമീറുല്‍ ഇസ്ലാമിനു വധശിക്ഷ നല്‍കണമെന്നു ആവശ്യപ്പെട്ടു. ജിഷയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ 38 മുറിവുകളില്‍ അഞ്ചു മുറിവുകളെങ്കിലും മാരകമാണ്‌. സ്വകാര്യഭാഗത്തു കണ്ടെത്തിയ 31-ാം നമ്പര്‍ മുറിവു കുറ്റവാളിയുടെ ക്രൂരതയ്‌ക്കും മനോവൈകൃതത്തിനും തെളിവാണെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. നിരായുധനായ യുവതിയെ ലൈംഗിക ആഗ്രഹം ശമിപ്പിക്കാന്‍ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതിയെ ബോധിപ്പിച്ചു.

വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ ക്രൂരമായി മുറിവേല്‍പ്പിക്കുകയും ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തുകയും ചെയ്‌ത കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ അമീറുല്‍ ഇസ്ലാമിനെ കാത്തിരിക്കുന്നത്‌ പരമാവധി ശിക്ഷയായ തൂക്കുകയര്‍വരെ. മരണം വരെ തൂക്കിലേറ്റാന്‍വരെ ശിക്ഷ നല്‍കാന്‍ കഴിയുന്ന വകുപ്പുകളാണ്‌ അമീറിനെതിരെയുള്ളത്‌. ജിഷയുടെ വീടിനു സമീപത്തെ വാടകവീട്ടിലായിരുന്നു അമീറുല്‍ താമസിച്ചിരുന്നത്‌. 2016 ഏപ്രില്‍ 28നു കൊലപാതകം നടന്നതെന്നാണ്‌ കേസ്‌. വീട്ടില്‍ അതിക്രമിച്ചുകയറിയ അമീറുല്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ജിഷ എതിര്‍ത്തതോടെയാണ്‌ കൊലപാതകം. തുടര്‍ന്നായിരുന്നു മാനഭംഗം. എന്നിട്ടും ദേഷ്യം അടക്കാന്‍ കഴിയാതെ ഇസ്ലാം ജിഷയുടെ സ്വകാര്യഭാഗങ്ങള്‍ കത്തികൊണ്ടു മുറിവേല്‍പ്പിച്ചു രക്ഷപ്പെടുകയായിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യതെളിവുകളും ശാസ്‌ത്രീയ തെളിവുകളും രാസപരിശോധനാ റിപ്പോര്‍ട്ടുകളുമാണ്‌ നിര്‍ണായകമായത്‌. കോടതിയില്‍ എത്തിയിരുന്ന ജിഷയുടെ മാതാവ്‌ രാജേശ്വരി, അമീറുലിനെ തൂക്കിക്കൊല്ലണമെന്നു മാധ്യമങ്ങളോട്‌ വ്യക്തമാക്കി.