Breaking News

Trending right now:
Description
 
Dec 12, 2017

വിരാട്‌ കോഹ്‌ലിയും അനുഷ്‌ക ശര്‍മയും വിവാഹിതരായി

image അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ വിരാട്‌ കോഹ്‌ലി ബോളിവുഡ്‌ നടി അനുഷ്‌ക ശര്‍മയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. ഇറ്റലിയിലെ മിലാനില്‍ തിങ്കളാഴ്‌ച രാവിലെയാണ്‌ വിവാഹചടങ്ങുകള്‍ നടന്നത്‌. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര സുഖവാസ കേന്ദ്രങ്ങളിലൊന്നായ ടസ്‌കനിലെ ബോര്‍ഗോ ഫിനോച്ചിയോ റിസോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ. ക്രിക്കറ്റ്‌ ലോകത്തുനിന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും യുവരാജ്‌ സിങിനുമാത്രമാണ്‌ ക്ഷണമുണ്ടായിരുന്നത്‌. വിരാടിന്റെകൂടെ കളിക്കുന്ന ആരെയും വിവാഹത്തിനു ക്ഷണിച്ചിരുന്നില്ല. കനത്ത സുരക്ഷയായിരുന്നു വിവാഹവേദിക്ക്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. ഇറ്റലിയിലെ ടസ്‌കനിയില്‍ ഏക്കറുകളോളം വരുന്ന എസ്‌റ്റേറ്റില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു എങ്കിലും ഇടയ്‌ക്കുവച്ച്‌ അകലുകയും വീണ്ടും ഒന്നിക്കുകയുമായിരുന്നു. ജീവിതത്തോടും കളിയോടുമുള്ള സത്യസന്ധത പ്രണയത്തിലും കാണിച്ച കോഹ്‌ ലി ഒന്നും മറച്ചുവച്ചില്ല. ക്രിക്കറ്റ്‌ യാത്രകളിലും പൊതുവേദികളിലും അവര്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. വിവാഹ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട്‌ കോഹ്‌ ലി രാത്രി ഒമ്പതുമണിക്കു വിവാഹചിത്രം ട്വീറ്റ്‌ ചെയ്‌തു. എല്ലാവര്‍ക്കും നന്ദി... ഇനിയീ പ്രണയയാത്രയില്‍ ഞങ്ങളൊന്നിച്ച്‌ എന്നു കുറിക്കുകയും ചെയ്‌തു.