Breaking News

Trending right now:
Description
 
Dec 12, 2017

പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയില്ലെന്നു അരുണ്‍ ജെയ്‌റ്റ്‌ലി

image ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ പാക്കിസ്ഥാനോട്‌ കോണ്‍ഗ്രസ്‌ കൂട്ടുചേര്‍ന്നെന്ന ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പു പറയില്ലെന്നു ധനമന്ത്രി അരുണ്‍ജെയ്‌റ്റ്‌ലി വ്യക്തമാക്കി. പാക്കിസ്ഥാനില്‍നിന്നുള്ള നയതന്ത്രജ്ഞരുമായി മുന്‍ പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയ സംഭവം ചൂണ്ടിക്കാട്ടുക മാത്രമാണ്‌ മോദി ചെയ്‌തത്‌. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മാപ്പുപറയേണ്ട ആവശ്യം എന്താണെന്നു ജെയ്‌റ്റ്‌ലി ചോദിച്ചു. ആരോപണത്തിലെ ദുരൂഹത നീക്കാന്‍ കോണ്‍ഗ്രസ്‌ തയാറാകണം. പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവരെ കുറ്റപ്പെടുത്താനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നതെന്നു ജെയ്‌റ്റ്‌ലി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ പാലന്‍പൂരില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവെയാണ്‌ മോദി കോണ്‍ഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്‌. മണിശങ്കര്‍ അയ്യര്‍ തന്നെ താഴ്‌ന്നവിഭാഗക്കാരന്‍ എന്നു വിളിച്ചതിന്റെ പിറ്റേന്ന്‌ പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ മുതിര്‍ന്ന കോണ്‍ഗ്രസുകാരുമായി കൂടിക്കാഴ്‌ച നടത്തിയെന്നും ഗുജറാത്ത്‌ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെട്ടെന്നുമായിരുന്നു മോദിയുടെ ആരോപണം. ഗുജറാത്ത്‌ നിയമഭാ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടല്‍ ആരോപിച്ച പ്രധാനമന്ത്രിക്കെതിരെ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്‌ രംഗത്ത്‌ എത്തിയിരുന്നു. തിരഞ്ഞെടുപ്പ്‌ പരാജയഭീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച്‌ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ്‌ മോദി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പദവിക്ക്‌ നിരക്കാത്ത കാര്യങ്ങളാണ്‌ മോദി ചെയ്യുന്നതെന്നും മന്‍മോഹന്‍സിങ്‌ ആരോപിച്ചു. ആ ഓഫിസിന്റെ മാന്യത കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം മാപ്പു പറയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.