Breaking News

Trending right now:
Description
 
Dec 11, 2017

ഓഖി ചുഴലിക്കാറ്റ്‌: കണ്ടെത്താനുള്ളത്‌ 146 പേരെ; മൂന്നു മൃതദേഹങ്ങള്‍കൂടി കണ്ടെത്തി

image ഓഖി ചുഴലിക്കാറ്റില്‍പെട്ട്‌ കടലില്‍ കാണാതായവരില്‍ ഇനി കണ്ടെത്താനുള്ളത്‌ 146 പേരെയാണെന്നു സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്‌. റവന്യുവകുപ്പാണ്‌ പുതിയ പട്ടിക പുറത്തിറക്കിയത്‌. ദുരന്തം ഉണ്ടായി 11 ദിവസം പിന്നിട്ടപ്പോഴാണ്‌ സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടുന്നത്‌. മുന്‍ പട്ടികയില്‍ ആവര്‍ത്തിച്ചിരുന്ന പേരുകള്‍ പുതിയ പട്ടികയില്‍ ഒഴിവാക്കിയിട്ടുണ്ട്‌. അതേസമയം, ചുഴലിക്കാറ്റിനു മുമ്പ്‌ തോപ്പുംപടി ഹാര്‍ബറില്‍നിന്നു കടലില്‍പോയ 30 ബോട്ടുകളെയും 350 തൊഴിലാളികളെയും കുറിച്ച്‌ ഇനിയും വിവരമൊന്നുമില്ല. നാവിക, തീരസംരക്ഷണ സേനകള്‍ ഞായറാഴ്‌ച നടത്തിയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇതോടെ ആകെ മരണം 43 ആയി. അഴുകിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്‌ച 260 മത്സ്യത്തൊഴിലാളികളെ രക്ഷിച്ച്‌ കരയ്‌ക്കെത്തിച്ചിരുന്നു. ഇവരില്‍ 40 പേര്‍ മലയാളികളാണ്‌. തിരിച്ചറിയാനാകാത്തവിധം കടലില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ ഒഴുകി നടക്കുന്നുത്‌ ഏറെ ഭീതിയുണ്ടാക്കിയെന്നു രക്ഷപ്പെട്ട്‌ എത്തിയവര്‍ പറയുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചിലിനു സിഎംഎഫ്‌ആര്‍ഐയുടെ നേതൃത്വത്തില്‍ കപ്പല്‍ പുറപ്പെട്ടു.