Breaking News

Trending right now:
Description
 
Dec 10, 2017

സര്‍ക്കാരിനെതിരെ വിജിലന്‍സ്‌ മുന്‍ ഡയറക്ടര്‍

image ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ കടലില്‍പെട്ടിട്ടുണ്ടെന്നോ സര്‍ക്കാരിനു പോലും വ്യക്തതയില്ലെന്നു വിജിലന്‍സ്‌ മുന്‍ ഡയറക്ടര്‍ ജേക്കബ്‌ തോമസ്‌. ഇക്കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. പണക്കാരുടെ മക്കളാണ്‌ കടലില്‍പോയതെങ്കില്‍ ഇതാകുമായിരുന്നോ സര്‍ക്കാരിന്റെ പ്രിതകരണം. തിരുവനന്തപുരത്തു നടന്ന പരിപാടിയിലാണ്‌ സര്‍ക്കാരിനെതിരെ വിജിലന്‍സ്‌ മുന്‍ ഡയറക്ടറും ഇപ്പോള്‍ ഐഎംജി ഡയറക്ടറുമായ ജേക്കബ്‌ തോമസിന്റെ വിമര്‍ശനം. 1400 കോടി രൂപയുടെ സുനാമി ഫണ്ടു വിനിയോഗിച്ചതു ശരിയായ രീതിയിലല്ലെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. അത്‌ നന്നായി വിനിയോഗിച്ചിരുന്നുവെങ്കില്‍ ചെല്ലാനത്ത്‌ ഇപ്പോള്‍ കാണുന്ന കാഴ്‌ച ഉണ്ടാകുമായിരുന്നില്ല. അഴിമതിക്കാര്‍ ഇവിടെ ഐക്യത്തിലാണ്‌. അവര്‍ക്ക്‌ അധികാരമുണ്ട്‌. അഴിമതി വിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാനാണ്‌ ശ്രമം. 51 വെട്ടു വെട്ടിയില്ലെങ്കിലും നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്‌. സംസ്ഥാനത്ത്‌ നിയമവാഴ്‌ചയില്ലെന്നും ജേക്കബ്‌ തോമസ്‌ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിനു തുടരുന്നുവെന്നാണ്‌ ജനം ചോദിച്ചത്‌. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്കു ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ്‌ യഥാര്‍ഥ ഭരണാധികാരി. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിന്‌ കാരണം ഇതാണ്‌. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരുകയും കൈയേറ്റക്കാര്‍ വമ്പന്‍മാരായി മാറുകയും ചെയ്യുമെന്നു അദ്ദേഹം വ്യക്തമാക്കി.