Breaking News

Trending right now:
Description
 
Dec 10, 2017

ഓഖി ദുരന്തം: സംസ്ഥാനം 1843 കോടി രൂപയുടെ സഹായം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു

image ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തി. ദുരന്തം ചര്‍ച്ച ചെയ്യുന്നതിന്‌ തലസ്ഥാനത്ത്‌ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു കൂടിക്കാഴ്‌ച. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി സംസ്ഥാനം 1843 കോടി രൂപയുടെ സഹായം കേന്ദ്രത്തോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. ഓഖിയെ ഗുരുതര സ്വഭാവമുള്ള ദുരന്തമായി കരുതി അധിക സഹായം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്‌നാഥ്‌ സിങിനെ അറിയിക്കുകയായിരുന്നു. വീടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക്‌ വീടുവച്ചുനല്‍കണം, മുന്നറിയിപ്പിനുള്ള ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാഹയം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്‌. 24 കപ്പലുകളും എട്ട്‌ ഹെലികോപ്‌റ്ററുകളും ഡ്രോണിയന്‍ വിമാനങ്ങളും തിരച്ചിലിനുണ്ട്‌. പത്തുദിവസംകൂടി തിരച്ചില്‍ തുടരാനാണ്‌ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടുവര്‍ഷത്തേക്കുള്ള ഹ്രസ്വകാല നടപടികള്‍ക്ക്‌ 256 കോടി, ആറുവര്‍ഷം നീളുന്ന ഇടക്കാല നടപടികള്‍ക്ക്‌ 792 കോടി, പത്തുവര്‍ഷം നീളുന്ന ദീര്‍ഘകാല പരിപാടികള്‍ക്ക്‌ 795 കോടി എന്നിങ്ങനെയാണ്‌ പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ കേരളം ആവശ്യപ്പെട്ടിട്ടുള്ളത്‌. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേകസംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നു കൂടിക്കാഴ്‌ചയില്‍ രാജ്‌നാഥ്‌ സിങ്‌ മുഖ്യമന്ത്രിയെ അറിയിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി.