Dec 06, 2017
ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു
മലയാളത്തിലെ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും
അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന
കേസില്‍ നടന് ദിലീപിനെതിരായ അനുബന്ധ കുറ്റപ്പത്രം അങ്കമാലി
മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. ദിലീപടക്കം 12 പ്രതികള്‍ക്കെതിരെയാണ്
അനുബന്ധകുറ്റപ്പത്രം നല്‍കിയിരുന്നത്. സാങ്കേതിക പിഴവുകള്‍ തിരുത്തി
നല്കിയ കുറ്റപത്രമാണ് ഇന്നലെ ഫയലില്‍ സ്വീകരിച്ചത്. കോടതി നിര്‍ദേശം
അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ചില കാര്യങ്ങളില്‍
വ്യക്തതവരുത്തി. 1452 പേജുള്ള കുറ്റപ്പത്രം സൂക്ഷ്മപരിശോധനയ്ക്കുശേഷം
സാങ്കേതികപ്പിഴവുകള്‍ പരിഹരിച്ചു സ്വീകരിക്കുകയായിരുന്നു. കേസില്‍ നടന്
ദിലീപ് എട്ടാംപ്രതിയും സുനില്‍കുമാര്‍ (പള്‍സര്‍സുനി) ഒന്നാംപ്രതിയുമാണ്.
കേസില്‍ സുനില്‍കുമാറിനെയും മറ്റു പ്രതികളെയും ഇന്നലെ കോടതിയില്‍
ഹാജരാക്കി റിമാന്‍ഡ് 19വരെ നീട്ടി. ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി
പരിഗണിച്ചില്ല. ദിലീപ് ജാമ്യത്തിലാണ്.