Breaking News

Trending right now:
Description
 
Dec 05, 2017

ചരമപ്പരസ്യം നല്‍കി മുങ്ങിയ ജോസഫിനെ പൊലീസ്‌ പിടികൂടി

image പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്തയും പരസ്യവും നല്‍കി കാണാതായ തളിപ്പറമ്പ്‌ കുറ്റിക്കോലിലെ മേലുക്കുന്നേല്‍ ജോസഫിനെ കോട്ടയത്തുനിന്നും പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. കോട്ടയം തിരുനക്കരയ്‌ക്കു സമീപത്തെ ലോഡ്‌ജില്‍നിന്നു ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ്‌ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തത്‌. കുടുംബപ്രശ്‌നമാണ്‌ മാറിനില്‍ക്കാന്‍ കാരണമെന്നു ജോസഫ്‌ പറയുന്നു. തളിപ്പറമ്പില്‍നിന്നു ബന്ധുക്കള്‍ കോട്ടയത്തേക്കു തിരിച്ചിട്ടുണ്ട്‌. തിങ്കളാഴ്‌ച കോട്ടയം കാര്‍ഷിക വികസന ബാങ്കിലെത്തി സ്വര്‍ണമാലയും പണവും ഭാര്യക്ക്‌ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ട്‌ ജോസഫ്‌ ചെന്നിരുന്നു. മേരിക്കുട്ടിയുടെ ഭര്‍ത്താവ്‌ മേലുക്കുന്നേല്‍ ജോസഫ്‌ ഹൃദയാഘാതം മൂലം മരിച്ചുവെന്നും അയാളുടെ ഭാര്യയാണ്‌ മേരിക്കുട്ടിയെന്‌ും ഇത്‌ അയച്ചുകൊടുക്കണമെന്നുമാണ്‌ ബാങ്ക്‌ സെക്രട്ടറിയോട്‌ പറഞ്ഞത്‌. സെക്രട്ടറി തളിപ്പറമ്പ്‌ കാര്‍ഷിക വികസന ബാങ്ക്‌ സെക്രട്ടറിയെ ഫോണില്‍വിളിച്ച്‌ വിവരം പറഞ്ഞു. സംഭവം തട്ടിപ്പാണെന്നും പത്രങ്ങളില്‍ ചരമപ്പരസ്യം നല്‍കി മുങ്ങിയ ആളാണ്‌ മുന്നിലിരിക്കുന്നതെന്നും അറിയിച്ചു. ഇക്കാര്യം ചോദിച്ചതോടെ ജോസഫ്‌ ബാങ്കില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ പൊലീസ്‌ നടത്തിയ തിരച്ചിലിനിടെയാണ്‌ ജോസഫിനെ ലോഡ്‌ജില്‍നിന്നു കസ്‌റ്റഡിയില്‍ എടുത്തത്‌.