Breaking News

Trending right now:
Description
 
Jan 29, 2013

രമേശന്‍ നായരെ എടുത്തില്ലെങ്കില്‍ മന്ത്രിസഭയെ കുട്ടിച്ചോറാക്കും കട്ടായം

image കെഎസ്‌ആര്‍ടിസിയെ കേറിയാല്‍ എന്തായാലും അതിവേഗം ബഹുദൂരം പോകാന്‍ പറ്റില്ലായെന്ന്‌ മനസിലാക്കാന്‍ നമ്മുടെ മുഖ്യന്‌ രണ്ടുവര്‍ഷം വേണ്ടിവന്നു. അപ്പോള്‍ വികസനം വേണമെങ്കില്‍ അതിവേഗം ബഹുദൂരം പോകണം. അതായത്‌ വേഗത്തില്‍ പോകണമെങ്കില്‍ എയര്‍ കേരള വേണം.

കെഎസ്‌ആര്‍ടി സ്‌റ്റാന്‍ഡുകള്‍ എയര്‍ കേരള സ്‌റ്റാന്‍ഡുകളായി മാറും താമസവിനാ കേരളത്തില്‍. എല്ലാ പ്രവാസികളെയും വീട്ടുമുറ്റത്തിറക്കിയാല്‍ അതിന്റെ നേട്ടം ആര്‍ക്കാണ്‌? അങ്ങനെയെങ്കില്‍ കുറവിലങ്ങാട്ട്‌ വിമാനത്താവളമില്ലെന്ന്‌ സക്കറിയാ കഥാപാത്രത്തിന്‌ ദു:ഖിക്കേണ്ടി വരില്ല. 

അല്ലെങ്കിലും കേരളത്തില്‍ റോഡുകള്‍ ആകപ്പാടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. നമ്മുടെ ദേശീയ മൃഗമായ ആനയ്‌ക്ക്‌ വഴി നടക്കാന്‍ ടാറിട്ട റോഡുകള്‍ പറ്റില്ലെന്നാണ്‌ മൃഗസ്‌നേഹികള്‍ പറയുന്നത്‌. അല്ലെങ്കില്‍ ഈ സര്‍ക്കാരിന്‌ മൃഗത്തോടാണല്ലോ കൂടുതല്‍ പ്രതിബന്ധത. ഇടുക്കിക്കാരൊക്കെ വേഗം സ്ഥലം വിട്ടോളണമെന്നും കാട്‌ മൃഗങ്ങള്‍ക്ക്‌ വിട്ടുകൊടുക്കണമെന്നുമാണ്‌ പുതിയ നിയമം വരുന്നത്‌. അപ്പോള്‍ ആനത്താരകളിലൂടെ ടാര്‍ റോഡ്‌ പാടില്ല. മൃഗങ്ങള്‍ അവിടെ നടന്ന്‌ സൈ്വര്യവിഹാരം നടത്തട്ടെ. 

എയര്‍കേരള വന്നാല്‍ എന്തൊക്കെ സൗകര്യങ്ങളാണ്‌ കൂടെയുള്ളതെന്നോ? കട്ടന്‍ കാപ്പി കുടിക്കാന്‍ കുട്ടപ്പന്‍ ചേട്ടന്റെ കടയില്‍ പോകാന്‍ പോലും വിമാനം റെഡി. സമയം ലാഭം. കോട്ടയത്തൂന്ന്‌ തിരുവനന്തപുരത്തെത്തുവാനും എയര്‍ കേരള. എന്തായാലും എയര്‍ കേരള നന്നാകും. നമ്മുടെ പാവം കെഎസ്‌ആര്‍ടിസി എലി, പൂച്ച, പാമ്പ്‌ തുടങ്ങിയ ജീവികള്‍ക്ക്‌ സമാധാനമായി തലച്ചായിക്കാനുള്ള ഇടമായി വിട്ടുകൊടുക്കണമെന്നാണ്‌ പാവം ഈ മനുഷ്യസ്‌നേഹിയുടെ എളിയ അപേക്ഷ. 

കെഎസ്‌ആര്‍ടിസിയെ നന്നാക്കാന്‍ ആദ്യം ഒരു സൗമ്യനായ മന്ത്രിയെ വച്ചു. നന്നാകില്ലാ മുഖ്യ ഈ കെഎസ്‌ആര്‍ടിസി നന്നാകില്ല എന്ന്‌ പറഞ്ഞത്രേ. ഇപ്പോള്‍ ഏത്‌ കെഎസ്‌ആര്‍ടിസിയെയും വിറപ്പിച്ച്‌ നന്നാക്കാന്‍ പറ്റുന്നയാളാണ്‌ കെഎസ്‌ആര്‍ടിസി മന്ത്രി. അത്രയ്‌ക്കാണ്‌ കൂര്‍മബുദ്ധി, ഓര്‍മ, രാഷ്ട്രീയ പരിചയം എല്ലാം ഒത്തുചേര്‍ന്ന അദ്ദേഹവും പറഞ്ഞു: ഇല്ല, നന്നാകില്ല. അറ്റകൈയ്‌ക്ക്‌ കെഎസ്‌ആര്‍ടിസിയ്‌ക്ക്‌ രണ്ടു മാസത്തേയ്‌ക്ക്‌ 14 കോടി രൂപ കൂടി കൊടുക്കുകയാണ്‌. ഇല്ലെങ്കില്‍ കണ്ടം ചെയ്‌ത്‌ തൂക്കിവില്‍ക്കും. അവിടെമാകെ എയര്‍ കേരള പറന്നു നടക്കും.

അതാണ്‌ സുകുമാരന്‍ നായര്‍ പറഞ്ഞത്‌ നായന്മാരെ തൊട്ടുകളിച്ചാല്‍ മന്ത്രിസഭയെ കെഎസ്‌ആര്‍ടിസി പോലെയാക്കുമെന്ന്‌. കോണ്‍ഗ്രസിനെ നന്നാക്കിയില്ലേ. ഇനി പാവം രമേശന്‍ നായര്‍ യൂഡിഎഫ്‌ നന്നാക്കട്ടെ. കസ്‌തൂരി ചുമന്ന്‌ ചുമന്ന്‌ അതിന്റെ വിലയറിയാതെ ഉഴലാന്‍ രമേശനെ വിടില്ലെന്നാണ്‌ നമ്മുടെ നായര്‍ജി പറയുന്നത്‌...എന്‍എസ്‌എസ്‌ കോലായില്‍ കയറിയിറങ്ങിയതിന്റെ ഗുണം രമേശ്‌ അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ. ഇപ്പോള്‍ പറഞ്ഞത്‌ വെറും സാംപിള്‍. വേണമെങ്കില്‍ സോണിയാജിയെ കാണാനും നായര്‍ നേതാവ്‌ മടിക്കില്ല. 

സാക്ഷാല്‍ നായന്മാരായ വി.ഡി. സതീഷനോടും രാജ്‌മോഹന്‍ ഉണ്ണിത്താനോടും ജി. കാര്‍ത്തികേയനോടുമൊന്നും എന്‍എസ്‌എസ്‌ നേതൃത്വത്തിനെത്താ ഇത്ര താത്‌പര്യമില്ലാത്തതെന്ന്‌ തെളിച്ചു ചോദിച്ചത്‌ രാജ്‌മോഹന്‍തന്നെയാണ്‌. പാവം, ശശി തരൂര്‍ എത്ര നാള്‍ ബഞ്ചിലിരുന്നിട്ടാണ്‌ ഒന്നു തിരിച്ചുകയറിയത്‌. രാജ്യസഭയിലേയ്‌ക്ക്‌ നല്ല നായരെ അയയ്‌ക്കാന്‍ അവസരം വന്നപ്പോള്‍ മന്നത്ത്‌ അപ്പൂപ്പന്റെ കസേരയിലിരിക്കുന്ന നായര്‍ വിളിച്ചുപറഞ്ഞ്‌ പി.ജെ. കുര്യന്റെ പേരാണല്ലോയെന്നു വിളിച്ചുചോദിച്ചതും രാജ്‌മോഹന്‍ തന്നെ. മുണ്ടുപറിക്കുമെന്നറിഞ്ഞാലും രാജ്‌മോഹന്‌ കാര്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ തികഞ്ഞ വൈഭവമാണ്‌.