Breaking News

Trending right now:
Description
 
Dec 04, 2017

തിരയില്‍പ്പെട്ട 19 ബോട്ടുകളും 74 മത്സ്യത്തൊഴിലാളികളും മഹാരാഷ്ട്രയില്‍

image തിരുവനന്തപുരത്ത്‌ കഴിഞ്ഞദിവസത്തെ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ തിരയില്‍പ്പെട്ട 19 ബോട്ടുകളും 74 മത്സ്യത്തൊഴിലാളികളും മഹാരാഷ്ട്രയില്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്നായി വിവരം. രത്‌നഗിരിയിലെ മിരിയ തുറമുഖത്താണ്‌ അപകടംകൂടാതെ മത്സ്യത്തൊഴിലാളികള്‍ എത്തിയത്‌. ഇതുസംബന്ധിച്ച്‌ മഹാരാഷ്ട്രസര്‍ക്കാരില്‍നിന്നു റവന്യുവകുപ്പിന്‌ ഔദ്യോഗിക വിവരം ലഭിച്ചു. മഹാരാഷ്ട്രയിലെ തീരസംരക്ഷണസേനയാണ്‌ മത്സ്യബന്ധനബോട്ടുകളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്‌. കഴിഞ്ഞദിവസം കേരളത്തില്‍നിന്നുള്ള 66 മത്സ്യബന്ധനബോട്ടുകളും തമിഴ്‌നാട്ടില്‍നിന്നുള്ള രണ്ടുബോട്ടുകളും മഹാരാഷ്ട്രതീരത്ത്‌ എത്തിയിരുന്നു. ഇവയില്‍ ആകെ 952 മത്സ്യത്തൊഴിലാളികളാണ്‌ ഉണ്ടായിരുന്നത്‌. എല്ലാവരും സുരക്ഷിതരാണെന്ന്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ വ്യക്തമാക്കി. അതേസമയം, കൊച്ചിയില്‍നിന്നു മീന്‍ പിടുത്തത്തിനുപോയ 115 ബോട്ടുകളെക്കുറിച്ച്‌ വിവരമില്ലെന്നു റിപ്പോര്‍ട്ടുണ്ട്‌. കൊച്ചിയില്‍നിന്നുപോയ 217 ബോട്ടുകളാണ്‌ ചുഴലിക്കാറ്റ്‌ അടിക്കുമ്പോള്‍ കടലില്‍ ഉണ്ടായിരുന്നത്‌. ഇതില്‍ തിരിച്ചെത്തിയതും ഇന്ത്യയിലെ വിവിധ തുറമുഖങ്ങളില്‍ സുരക്ഷിതമായി അടുപ്പിച്ചതുമായി വിവരം ലഭിച്ചത്‌ 102 ബോട്ടുകളാണ്‌. ബാക്കിയുള്ള 115 ബോട്ടുകളിലായി ജോലിചെയ്യുന്ന ആയിരത്തിലേറെ തൊഴിലാളികളുടെ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്‌.