Breaking News

Trending right now:
Description
 
Dec 04, 2017

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞു

image ഓഖി ചുഴലിക്കാറ്റ്‌ ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ മുഖ്യമന്ത്രി വൈകിയെന്നും ദുരന്തം മുന്‍കൂട്ടി അറിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനു മുമ്പില്‍ മത്സ്യത്തൊഴിലാളികളുടെ വന്‍ പ്രതിഷേധം. വിഴിഞ്ഞത്ത്‌ ഞായറാഴ്‌ച വൈകിട്ട്‌ മുഖ്യമന്ത്രി സന്ദര്‍ശനത്തിന്‌ എത്തിയപ്പോഴായിരുന്നു തൊഴിലാളികള്‍ ശക്തമായ പ്രതികരിച്ചത്‌. കലിപൂണ്ട്‌ എന്തിനും തയാറായി നില്‍ക്കുന്ന തൊഴിലാളികളെ ഭയന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂന്തുറയിലെ ദുരിതബാധിത വീടുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള തീരുമാനം റദ്ദാക്കുകയും ചെയ്‌തു. എന്തിനുംപോന്ന തൊഴിലാളികള്‍ മുഖ്യമന്ത്രിക്കുനേരെ പാഞ്ഞെത്തിയപ്പോള്‍ പൊലീസ്‌ ബലപ്രയോഗത്തിലൂടെയാണ്‌ ഇവരെ നീക്കിയത്‌. ഇതേതുടര്‍ന്ന്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ അടിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. കാറില്‍ കയറാന്‍ കഴിയാതെ മുഖ്യമന്ത്രി മറ്റൊരു വാഹനത്തിലാണ്‌ ഇവിടെനിന്നു രക്ഷപ്പെട്ടത്‌. പിന്നീട്‌ സെന്റ്‌മേരീസ്‌ പള്ളിയുടെ പാരീഷ്‌ ഹാളില്‍ വികാരി ഫാ.വില്‍ഫ്രണ്ടുമായി അദ്ദേഹം ചര്‍ച്ചനടത്തി. ചര്‍ച്ച നടക്കുന്ന സമയത്തും പുറത്ത്‌ മത്സ്യത്തൊഴിലാളികള്‍ സംഘടിച്ച്‌ പ്രതിഷേധമുയര്‍ത്തി. മുഖ്യമന്ത്രിയോട്‌ നേരിട്ടു സംസാരിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പൊലീസ്‌ അനുവദിച്ചില്ല. ചര്‍ച്ചയെ തുടര്‍ന്ന്‌ മന്ത്രി ഇ.ചന്ദ്രശേഖരന്റെ കാറിലാണ്‌ മുഖ്യമന്ത്രി മടങ്ങിയത്‌. മന്ത്രി ഇ.ചന്ദ്രശേഖരനെ കൂടാതെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ, കലക്ടര്‍ കെ.വാസുകി എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി വിഴിഞ്ഞത്ത്‌ എത്തുന്നതറിഞ്ഞ്‌ കൂടുതല്‍ പൊലീസിനെ നിയമിച്ചിരുന്നതിനാല്‍ മറ്റ്‌ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.