Breaking News

Trending right now:
Description
 
Dec 03, 2017

ജനങ്ങളുടെ വേദനമനസിലാക്കാന്‍ മോദി പരാജയപ്പെട്ടു; ഡോ.മന്‍മോഹന്‍സിങ്‌

image നോട്ട്‌ നിരോധനം, ജിഎസ്‌ടി എന്നീ തീരുമാനങ്ങളുടെ ഫലമായി ജനങ്ങള്‍ക്കുണ്ടായ വേദന മനിസിലാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടുവെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍സിങ്‌. അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ വേദനപോലും മോദിക്ക്‌ മനസിലാക്കാനായില്ല. നൂറിലേറെ ജനങ്ങള്‍ ക്യൂനിന്നു മരിച്ചത്‌ നോട്ട്‌ നിരോധനത്തിന്റെ ഫലമായാണെന്നും മന്‍മോഹന്‍സിങ്‌ കുറ്റപ്പെടുത്തി. രാജ്യത്തെ പിന്നോട്ടടിച്ച സാമ്പത്തിക മാന്ദ്യം അവസാനിച്ചുവെന്നു പറയാറായിട്ടില്ല. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ നടത്തിയ പാതിവെന്ത കുരിശുയുദ്ധമായിരുന്നു നോട്ടുനിരോധനം. ജിഎസ്‌ടി ആസൂത്രണമില്ലാത്ത തീരുമാനമായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഭരണകക്ഷി വിലകുറഞ്ഞ വാചകമടിയാണ്‌ നടത്തുന്നതെന്നും മന്‍മോഹന്‍ പറഞ്ഞു. നോട്ട്‌ നിരോധനത്തെ തുടര്‍ന്ന്‌ സൂറത്തില്‍ മാത്രം 89000 യന്ത്രത്തറികള്‍ ആക്രിക്കു വില്‍ക്കേണ്ട അവസ്ഥവന്നു. 31,000 പേര്‍ക്കാണ്‌ തൊഴില്‍ നഷ്ടമായത്‌. ഇതിന്റെ ഗുണം കിട്ടിയത്‌ ചൈനയ്‌ക്കാണ്‌. 2016-17-ല്‍ ചൈനയില്‍നിന്നുള്ള ഇറക്കുമതി 1.96 ലക്ഷംകോടിയായിരുന്നു. 2017-18-ല്‍ ഇത്‌ 2.41 ലക്ഷം കോടിയായി. വാചകമടിയും അവകാശവാദങ്ങളും ഉപേക്ഷിച്ച്‌ അന്തസോടെ ജനങ്ങളെ സമീപിക്കാന്‍ മോദിയെ മന്‍മോഹന്‍സിങ്‌ ഉപദേശിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനു എത്തിയപ്പോഴാണ്‌ മോദിക്കെതിരെ രൂക്ഷമായ ഭാക്ഷയില്‍ മന്‍മോഹന്‍സിങ്‌ ഇത്തരത്തില്‍ പ്രസംഗിച്ചത്‌.