Breaking News

Trending right now:
Description
 
Dec 02, 2017

മുത്തലാഖ്‌ നിരോധനം: കരട്‌ ബില്ലിന്‌ കേന്ദ്രം രൂപംനല്‍കി

image മുസ്ലീം സമുദായത്തിലെ വിവാഹ മോചനത്തിനു മുത്തലാഖ്‌ ഉപയോഗിക്കുന്നതിനു തടയുന്നതിനുള്ള കരട്‌ ബില്ലിന്‌ കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. മുത്തലാഖ്‌ ചൊല്ലി വിവാഹമോചനം നടത്തുന്ന ഭര്‍ത്താവിന്‌ മൂന്നുവര്‍ഷംവരെ തടവാണ്‌ കേന്ദ്രം തയാറാക്കിയ മുസ്ലീം വനിതാ സംരക്ഷണ അവകാശ, വിവാഹ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്‌. ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ ഇക്കാര്യത്തില്‍ നിലപാട്‌ അറിയിക്കണമെന്ന്‌ സംസ്ഥാനങ്ങളോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. മുത്തലാഖിന്‌ സുപ്രീംകോടതി ഏര്‍പ്പെടുത്തിയ നിരോധനം നിയമവിധേയമാക്കുന്നതിനാണ്‌ സര്‍ക്കാര്‍ കരട്‌ ബില്ല്‌ തയാറാക്കിയത്‌. വാക്കാലോ, രേഖാമൂലമോ, ഇ-മെയില്‍, എസ്‌എംഎസ്‌, വാട്‌സാപ്‌ തുടങ്ങി സന്ദേശസംവിധാനങ്ങളിലൂടെയോ ഒറ്റത്തവണ മുത്തലാഖ്‌ ചൊല്ലി വിവാഹമോചനം നേടുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ ബില്ലില്‍ പറയുന്നുണ്ട്‌. മുത്തലാഖിന്‌ വിധേയയാവുന്ന സ്‌ത്രീകള്‍ക്ക്‌ ജീവനാംശം നല്‍കേണ്ടിവരും. പ്രായപൂര്‍ത്തിയാകാത്ത മകളെ തനിക്കൊപ്പം വിടണമെന്നു ഭാര്യയ്‌ക്ക്‌ കോടതിയോട്‌ ആവശ്യപ്പെടാം. ഭാര്യയ്‌ക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവിതച്ചെലവ്‌ ഉറപ്പാക്കാന്‍ ഭര്‍ത്താവിനോട്‌ നിര്‍ദേശിക്കാന്‍ മജിസ്‌ട്രേറ്റിന്‌ അധികാരമുണ്ടാകും. കൂടാതെ ജാമ്യം ലഭിക്കാനാവാത്ത വിധത്തിലുള്ള വ്യവസ്ഥകളും കരട്‌ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്‌ സൂചന.