Breaking News

Trending right now:
Description
 
Dec 02, 2017

വ്യാപക നാശം വിതച്ച്‌ ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റ്‌

image ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപില്‍ വ്യാപകനാശം. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ വീശിയടിച്ച ചുഴലിക്കാറ്റ്‌ മണിക്കൂറില്‍ 120-130 കിലോമീറ്റര്‍ വേഗം കൈവരിച്ചുവെന്നാണ്‌ റിപ്പോര്‍ട്ട്‌. കനത്ത കാറ്റില്‍ ലക്ഷദ്വീപിലെ ലൈറ്റ്‌ ഹൗസിനു തകരാര്‍ സംഭവിച്ചു. മഴയില്‍ കല്‍പ്പേനിയിലെ ഹെലിപ്പാഡ്‌ വെള്ളത്തിലായി. മിനിക്കോയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. കൂറ്റന്‍ തിരമാലയില്‍പെട്ട്‌ തീരത്ത്‌ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ തകര്‍ന്നു. ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. കാലാവസ്ഥ മുന്നറിയിപ്പ്‌ കണക്കിലെടുത്ത്‌ ലക്ഷദ്വീപിലേക്ക്‌ കേരളത്തില്‍നിന്നുള്ള കപ്പല്‍, ബോട്ട്‌, വ്യോമഗതാഗതം റദ്ദാക്കി. ദേശീയ ദുരന്തനിവാരണ സേന ശനിയാഴ്‌ച കവരത്തിയിലെത്തും. കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ചാണ്‌ ഓഖി ലക്ഷദ്വീപില്‍ എത്തിയത്‌. ലക്ഷദ്വീപില്‍ ഇന്നു 145 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റിനു സാധ്യതയുണ്ട്‌. കനത്ത മഴയിലും കാറ്റിലും കേരളത്തില്‍ 56 വീടുകള്‍ പൂര്‍ണമായും 799 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തീരദേശറോഡുകള്‍ തകര്‍ന്നായും റിപ്പോര്‍ട്ടുണ്ട്‌. കൊടുങ്കാറ്റ്‌ ദുരന്തത്തില്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. തമിഴ്‌നാട്ടിലും എട്ടുപേര്‍ മരിച്ചു. കടലില്‍ മത്സ്യബന്ധനത്തിനു പോയ 168 തൊഴിലാളികളെക്കുറിച്ച്‌ വിവരമൊന്നുമില്ല. കടലില്‍ കുടുങ്ങിയ 218 പേരെ രക്ഷിച്ചു. ഇതേസമയം, രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്നു ആരോപിച്ച്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ജനങ്ങള്‍ റോഡ്‌ ഉപരോധിച്ചു.