Breaking News

Trending right now:
Description
 
Dec 01, 2017

ഓഖി ചുഴലിക്കൊടുംകാറ്റ്‌ കേരളം വിട്ട്‌ ലക്ഷദ്വീപിലേക്ക്‌; എട്ടുമരണം

image തെക്കന്‍ കേരളത്തില്‍ വീശിയടിച്ച ഓഖി ചുഴലിക്കൊടുക്കാറ്റ്‌ കൂടുതല്‍ ശക്തിപ്രാപിച്ച്‌ ലക്ഷദ്വീപിലേക്ക്‌ നീങ്ങുന്നു. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തുനിന്നു 150 കിലോമീറ്റര്‍ അകലെയാണ്‌. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കേരളത്തില്‍ കാറ്റ്‌ ആഞ്ഞുവീശിയേക്കാം. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്‌. തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ തുടരും. തിരുവനന്തപുരം ജില്ലയിലാണ്‌ ന്യൂനമര്‍ദനത്തിന്റെ സ്വാധീനം കൂടുതല്‍ അനുഭവപ്പെടുക. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ന്യൂനമര്‍ദഫലമായി കാറ്റും മഴയും ഉണ്ടാകാമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. കടലില്‍ നാലു മീറ്ററോളം ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്‌. തെക്കന്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരങ്ങളിലൂടെ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റിലും തുടര്‍ന്നുണ്ടായ മഴയിലും കനത്ത നാശനഷ്ടമാണ്‌ ഉണ്ടായത്‌. കേരളത്തിലും തമിഴ്‌നാട്ടിലും നാലുപേര്‍വീതം മരണമടഞ്ഞു. തിരുവനന്തപുരം ശംഖുമുഖത്ത്‌ കടല്‍ 10 മീറ്റര്‍ കരയിലേക്കുകയറി. കോഴിക്കോട്‌ വടകരയില്‍ കടല്‍ 25 മീറ്റര്‍ ഉള്‍വലിഞ്ഞു. തിരുവനന്തപുരത്തുനിന്നു 62 ബോട്ടുകളിലായി കടലില്‍പോയ 270 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയില്ല. കൊല്ലത്തുനിന്നുള്ള ആറു ബോട്ടുകളും തിരിച്ചെത്തിയില്ല. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി സൈന്യവും കോസ്‌റ്റ്‌ഗാര്‍ഡും തിരച്ചില്‍ ആരംഭിച്ചു. ഇന്നും നാളെയുമായി 14 ട്രെയിനുകള്‍ റദ്ദാക്കി.