Breaking News

Trending right now:
Description
 
Nov 30, 2017

തെക്കന്‍ ജില്ലകളില്‍ കനത്തമഴ; കേരളതീരത്തേക്ക്‌ ചുഴലിക്കാറ്റ്‌; ജാഗ്രത നിര്‍ദേശം

image കേരളതീരത്തിനു സമീപം രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത്‌ കനത്ത മഴയ്‌ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലാണ്‌ ചുഴലിക്കാറ്റ്‌ വീശിയടിക്കുന്നത്‌. പത്തനംതിട്ട, കൊല്ലം, കോട്ടയം, തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ വൈകുന്നേരം ആറിനും നാളെ രാവിലെ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കണമെന്നു ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പുനല്‍കി. കേരളത്തിലെ കടല്‍ത്തീരത്തും മലയോര മേഖലയിലും വെള്ളിയാഴ്‌ചവരെ വിനോദസഞ്ചാരത്തിനു പോകരുതെന്നും ശബരിമലയിലേക്കുള്ള യാത്ര വൈകിട്ട്‌ ആറിനും നാളെ പകല്‍ ഏഴിനും ഇടയ്‌ക്കുള്ള സമയത്തെ യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്‌. തെക്കന്‍ ജില്ലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴ പെയ്യുന്നതായാണ്‌ റിപ്പോര്‍ട്ട്‌. തിരുവനന്തപുരം ജില്ലയിലെ മഴ ശക്തം. പലയിടത്തും വ്യാപകമായ നാശനഷ്ടങ്ങളുമുണ്ടായി. വിഴിഞ്ഞം, പൂന്തുറ ഭാഗങ്ങളില്‍നിന്ന്‌ കടലിലേക്ക്‌ പോയ മത്സ്യത്തൊഴിലാളികള്‍ കടലില്‍ അകപ്പെട്ടു. നാലു കപ്പലുകളും രണ്ടുവിമാനങ്ങളും തിരച്ചില്‍ ആരംഭിച്ചു. പ്രകൃതിക്ഷോഭത്തില്‍ ആറുമരണം റിപ്പോര്‍ട്ടു ചെയ്‌തു. തിരുവനന്തപുരം-കന്യാകുമാരി പാതയില്‍ റയില്‍ഗതാഗതം സ്‌തംഭിച്ചു. പാറശാലയില്‍ ജില്ലാ കലോത്സവം നടക്കുന്ന വേദിയുടെ മുകളിലേക്ക്‌ മരം കടപുഴകി വീണു. ഈ സമയം വേദിയില്‍ ആരുമുണ്ടാകാതിരുന്നതിനാല്‍ അപകടം ഒഴിവായി. ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ നെയ്യാര്‍ ഡാമിലെ ഷട്ടറുകള്‍ തുറന്നു.