Breaking News

Trending right now:
Description
 
Jan 29, 2013

സബിതാ... നിന്റെ ആത്മാവിനൊപ്പം ഞങ്ങളും ഉള്ളുതുറന്ന്‌ കരയുന്നു

Global Malayalam
image ഒരു നഴ്‌സിന്‌ മരുന്നുകളെക്കാളും രോഗിയുടെ രോദനങ്ങളെക്കാളും കൂടുതല്‍ പരിചിതം നിന്ദ വാക്കുകള്‍ നിറഞ്ഞ ശകാരങ്ങളാണെന്ന്‌ പറഞ്ഞാല്‍ അതിശയോക്തിയല്ല. ബെഡ്‌ മേക്കിംഗ്‌ പഠിച്ച്‌ നഴ്‌സിംഗ്‌ പഠനത്തിലേയ്‌ക്ക്‌ കാലെടുത്തുവയ്‌ക്കുന്ന ആദ്യദിനത്തില്‍ തുടങ്ങുന്നതാണ്‌ ശകാരവാക്കുകള്‍. വെളുത്ത കോട്ടിനെ കണ്ണുനീര്‍ പലപ്പോഴും നനയിച്ചുകളയുന്നതും പതിവാണ്‌. അങ്ങനെ ശകാരങ്ങളുടെ തീച്ചൂളയാണ്‌ നഴ്‌സിംഗ്‌ പഠനകാലം.

ആത്മാഭിമാനത്തിന്റെ അവസാനകണ്ണിയും നഷ്ടപ്പെട്ട്‌ അവര്‍ ഒരു നേഴ്‌സായാല്‍ പിന്നെ ശകാരവാക്കുകളെ ഭയപ്പെടാത്തവിധം കരുത്തുനേടിയിരിക്കും. ഇത്രയും വേദനകള്‍ പരിചിതമായ സബിത എന്ന യുവനഴ്‌സിന്റെ ആത്മഹത്യ നിലവിലുള്ള സാമൂഹിക മനസാക്ഷിയില്‍ ഇത്തിരിയെങ്കിലും നോവുണര്‍ത്തുമെന്ന്‌ വിശ്വസിക്കാം. കേരളത്തിനു പുറത്ത്‌ നഴ്‌സിംഗ്‌ ജോലിക്കിടയില്‍ ജീവന്‍ വെടിയേണ്ടി വന്ന ബീന ബേബിക്കൊപ്പം സബിതയെന്ന ഒരു നൊമ്പരപ്പൂവ്‌ കൂടി.

തയ്യല്‍ തൊഴിലാളിയുടെ രാമകൃഷ്‌ണന്റെ മകളായ സബിത ലോണെടുത്താണ്‌ ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ഹോസ്‌പിറ്റലില്‍ നിന്നു തന്നെ നഴ്‌സിംഗ്‌ പഠനം പൂര്‍ത്തിയാക്കിയത്‌. പഠനം കഴിഞ്ഞ്‌ സെന്റ്‌ തോമസില്‍ തന്നെ ജോലി ലഭിച്ചു. പഴയ ഉഷ തയ്യല്‍ മിഷ്യന്റെ തുരുമ്പിച്ചു തുടങ്ങിയ സ്റ്റാന്‍ഡില്‍ ചവിട്ടി ചക്രം തിരിക്കുമ്പോള്‍ അച്ഛനെ മകള്‍ സമാശ്വസിപ്പിച്ചിരുന്ന്‌ എനിക്ക്‌ കുറച്ചൂകൂടി നല്ല ജോലിയായാല്‍ അച്ഛന്‍ തയ്യല്‍ പണി അവസാനിപ്പിക്കാമെന്നു പറഞ്ഞായിരുന്നു. ഈ പ്രതീക്ഷകളാണ്‌ ഒരു നിമിഷംകൊണ്ട്‌ ഇല്ലാതായത്‌. ഡോക്ടര്‍മാരും സഹപ്രവര്‍ത്തകര്‍ക്കും നല്ലതു മാത്രം പറയാനുള്ള ഈ നഴ്‌സ്‌ ആത്മഹത്യ ചെയ്‌തത്‌ എന്തിനാണ്‌? 

കഴിഞ്ഞ 21-നാണ്‌ സംഭവങ്ങളുടെ തുടക്കം. സാധാരണഗതിയില്‍ ഐവിയായി നല്‌കുന്ന മരുന്ന്‌ വാങ്ങിവരുവാന്‍ സബിത കുറിപ്പെഴുതി. കൂടെ മറ്റാരും ഇല്ലായിരുന്ന രോഗിയ്‌ക്ക്‌ മരുന്ന്‌ വാങ്ങി വരുവാന്‍ ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ ഒന്നൂകൂടി പരിശോധിച്ച്‌ നടപടികള്‍ പൂര്‍ത്തികരിച്ച സബിത രോഗിയ്‌ക്ക്‌ ഐവി അല്ല ഇഞ്ചക്ഷനാണ്‌ വേണ്ടതെന്ന്‌ മനസിലാക്കി ഐവി സെറ്റിനും മറ്റുമായി വാങ്ങിയ പണം തിരികെ നല്‌കി. എന്നാല്‍, നഴ്‌സ്‌ കുത്തിവയ്‌പ്പ്‌ നല്‌കാന്‍ മറന്നു പോയെന്നായിരുന്നു രോഗി നല്‌കിയ പരാതി. കസ്‌റ്റമറോട്‌ കൂറു കാണിക്കാന്‍ അധികൃതര്‍ നഴ്‌സിനെ ഡയറക്ടര്‍ കഠിനമായ ഭാഷയില്‍ ശകാരിച്ചുവത്രേ. അസൈന്‍മെന്റ്‌ ശിക്ഷയും പരീക്ഷയും നടത്തുമെന്നും ആ പരീക്ഷയില്‍ 60% മാര്‍ക്ക്‌ കിട്ടിയില്ലെങ്കില്‍ ജോലിയില്‍ നിന്ന്‌ പുറത്താക്കുമെന്നും അന്ത്യശാസനം നല്‌കി. 

തന്റെ വാക്കുകള്‍ കേള്‍ക്കാതെ കടന്നു പോയ വൈദികനായ ഡയറക്ടറില്‍ വിശ്വാസം നഷ്ടപ്പെട്ട സബിത സങ്കടം പറയാന്‍ നഴ്‌സിംഗ്‌ സൂപ്രണ്ടിന്റെ മുമ്പില്‍ എത്തി. അവിടെയും ലഭിച്ചത്‌ ഏറ്റവും മോശമായ പെരുമാറ്റമായിരുന്നുവത്രേ. തന്റെ നീതി കാണാതെ പോകുന്നതില്‍ ആകെ വിഷമത്തില്‍ ആയിരുന്നു നഴ്‌സ്‌ സബിത. ജോലി നഷ്ടപ്പെട്ടാല്‍ രണ്ടുലക്ഷം രൂപയുടെ വായ്‌പയുടെ കടക്കെണി അവളില്‍ സങ്കടക്കടലായി ഉയര്‍ന്നുവന്നു. അതിനപ്പുറം, അഭിമാനബോധം സബിതയെ വേട്ടയാടി. നന്മയുടെ പ്രതിപുരുഷന്മാരാകേണ്ടവര്‍ തിന്മയുടെ കല്ലെറിഞ്ഞതിനെയോര്‍ത്ത്‌ അവളുടെ മനസ്‌ പിടഞ്ഞു. 

ജോലിക്കാരോട്‌ ഇന്നും മാന്യമായി പെരുമാറുവാന്‍ മാനേജ്‌മെന്റുകള്‍ മടിക്കുന്നതിന്റെ, തൊഴില്‍സ്ഥലത്തെ മാനസിക പീഢനത്തിന്റെ ഇരയാണ്‌ സബിത.

ഇതേ ഹോസ്‌പിറ്റലില്‍ ഒരു രോഗിയോട്‌ നഴ്‌സ്‌ പറഞ്ഞ മറുപടി രോഗിയ്‌ക്ക്‌ ഇഷ്ടപ്പെട്ടില്ല. രോഗി പരാതിയുമായി ഡയറക്ടറെ സമീപിച്ചു. മാന്യമല്ലാത്ത പെരുമാറ്റത്തിനു ശിക്ഷ സൈക്കോളിജ്‌സ്‌റ്റിന്റെ അടുത്ത്‌ ചികിത്സയായിരുന്നു. നല്ല സംസാരത്തിനായി പരിശീലനത്തിനയച്ചു. അങ്ങനെ 500 രൂപയോളം ചെലവായി. ഹോസ്‌പിറ്റലില്‍ പിഴയുടെ മറ്റൊരു മുഖം.

ചെറിയ തെറ്റിനു പോലും കഠിനമായ വാക്കുകളും ശിക്ഷകളും പേറി ജോലിയെ തന്നെ വെറുത്ത്‌ ജീവിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യകളുടെ പ്രതിനിധിയാണ്‌ സബിത. 

ഇന്ന്‌ സബിതയുടെ മരണത്തിന്റെ വേദനയില്‍ ഉള്ളുരുകി കരയുന്ന നഴ്‌സുമാരോട്‌ ഡയറക്ടര്‍ ധാര്‍ഷ്ട്യത്തിന്റ ഭാഷയില്‍ പറഞ്ഞു. എന്റെ വാക്കുള്‍ മേലില്‍ ധിക്കരിച്ചാലും ഇതു തന്നെയാണ്‌ എന്റെ നിലപാട്‌. യുവ നഴ്‌സ്‌ മരിച്ചത്‌ പ്രണയനൈരാശ്യം കൊണ്ടാണെന്ന്‌ പറഞ്ഞു പരത്തുന്നുവെന്ന്‌ സഹപ്രവര്‍ത്തകര്‍ വേദനയോടെ പറയുന്നു. 

സബിതമാര്‍ നഷ്ടപ്പെടാതിരിക്കാന്‍ നഴ്‌സുമാരുടെ പിതാക്കന്മാര്‍ ഹോസ്‌പിറ്റലിന്‌ മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. യുവമോര്‍ച്ചയും അവരുടെ ശക്തിപ്രകടനം നടത്തി. ചില സമരങ്ങള്‍ നാളെയും ഉണ്ടാകാം. ഏത്‌ വിഷയത്തിലും ഏകപക്ഷീയമായി തീരുമാനം എടുത്ത്‌ നടപ്പിലാക്കുന്ന മാനേജ്‌മെന്റുകള്‍ ഇത്തരം നടപടികളെ ഭയപ്പെടില്ല. അവര്‍ക്കറിയാം ഇതെല്ലാം താല്‌കാലികം മാത്രമാണെന്ന്‌. ഇത്രമാത്രം നമുക്ക്‌ ചെയ്യാം. നാളെ ഞാന്‍ ഒരു സ്ഥാനത്ത്‌ എത്തിയാല്‍ എന്റ വാക്കുകള്‍ സഹപ്രവര്‍ത്തകരോട്‌ മാന്യമായിരിക്കുമെന്ന്‌. ഫ്യൂഡല്‍ വ്യവസ്ഥയുടെ കാടന്‍ സാംസ്‌കാരം പുറത്തെടുത്ത്‌ പുത്തന്‍ മാഫിയകള്‍ ലോകമെങ്ങും നിറഞ്ഞാടുമ്പോള്‍ സബിതമാര്‍ കരയരുത്‌. നീതി പ്രതീക്ഷിക്കരുത്‌. ഇത്‌ കാട്ടുനീതിയുടെ കാലമാണ്‌. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍.