Breaking News

Trending right now:
Description
 
Nov 19, 2017

പാര്‍ട്ടി പ്രസിഡന്റ്‌ പദവിയിലേക്ക്‌ രാഹുലിന്റെ സ്ഥാനാരോഹണം ഉടന്‍

image കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രസിഡന്റ്‌ പദവിയേല്‍ക്കുന്നതിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം തിങ്കളാഴ്‌ച എഐസിസി ആസ്ഥാനത്തു നടക്കും. രാവിലെ 10.30നു നടക്കുന്ന യോഗത്തില്‍ പ്രസിഡന്റ്‌ സോണിയ ഗാന്ധി അധ്യക്ഷതവഹിക്കും. ഗുജറാത്ത്‌ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പുതിയ പാര്‍ട്ടി പ്രസിഡന്റിനു കീഴിലായിരിക്കും പ്രചാരണമെന്ന്‌ എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. രാഹുല്‍ഗാന്ധി പ്രസിഡന്റ്‌ പദവിയേല്‍ക്കുന്നതിനെ തുടര്‍ന്ന്‌ മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി കോണ്‍ഗ്രസ്‌ ഉപാധ്യക്ഷ പദവിയിലേക്ക്‌ എത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. അടുത്തമാസം അഞ്ചിനകം രാഹുലിന്റെ സ്ഥാനാരോഹണം നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്‌. അനാരോഗ്യം കാരണം സോണിയ ഗാന്ധി തിരക്കുകളില്‍നിന്ന്‌ പിന്‍വാങ്ങുമ്പോള്‍ രാഹുലിന്‌ മാര്‍ഗനിര്‍ദേശം നല്‍കാന്‍ മുതിര്‍ന്ന നേതാവ്‌ കൂടെയുണ്ടാകണമെന്ന വാദവും പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്‌. നാളെ ചേരുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയില്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെ സമയക്രമം മാത്രമാണു നിശ്ചയിക്കുക. പ്ലിനറി സമ്മേളനത്തിനു തീയതി പിന്നീട്‌ നിശ്ചയിക്കാമെന്നാണ്‌ മുതിര്‍ന്ന നേതാവ്‌ ഏ.കെ.ആന്റണി, അഹമ്മദ്‌ പട്ടേല്‍, ഗുലാം നബി ആസാദ്‌ തുടങ്ങിയവര്‍ മുന്നോട്ടുവച്ചിരിക്കുന്ന വാദം. ഏ.കെ.ആന്റണിയെ കൂടാതെ കെ.സി.വേണുഗോപാല്‍, പി.സി.ചാക്കോ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.