Breaking News

Trending right now:
Description
 
Nov 19, 2017

കാഷ്‌മീരില്‍ ആറു ഭീകരരെ സൈന്യം വധിച്ചു

image വടക്കന്‍ കാഷ്‌മീരിലെ ബന്ദിപ്പുര ജില്ലയില്‍ ചന്ദേര്‍ഗീര്‍ ഗ്രാമത്തില്‍ താവളമടിച്ച ആറു പാക്ക്‌ ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട കൊടും ഭീകരരില്‍ ലഷ്‌കറെ തയിബയുടെ കമാന്‍ഡര്‍മാരായ സര്‍ഗാം, മെഹ്മൂദ്‌ എന്നിവരും അത്തൂദ്ദവയുടെ ഉപമേധാവി അബ്ദുല്‍ റഹ്മാന്‍ മക്കിയുടെ മകന്‍ ഒവൈദും ഉള്‍പ്പെടും. പോരാട്ടത്തില്‍ വ്യോമസേനയുടെ ഒരു കമാന്‍ഡോ വീരമൃത്യുവരിച്ചു. ഈ സൈനികന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഒരു സൈനികനു പരുക്കുണ്ട്‌. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ സക്കീര്‍ ഉള്‍ റഹ്മാന്‍ ലഖ്‌ വിയുടെ അനന്തരവന്‍കൂടിയാണ്‌ കൊല്ലപ്പെട്ട ഒവൈദ്‌. ഭീകരരുടെ സാന്നിധ്യം മനസിലാക്കിയ സൈന്യം വെള്ളിയാഴ്‌ച രാത്രി തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ത്ത്‌ പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന്‌ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയാണ്‌ ഭീകരരെ വീഴ്‌ത്തിയത്‌. രാഷ്ട്രീയ റൈഫിള്‍സ്‌, ജമ്മു കാഷ്‌മീര്‍ പൊലീസിലെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്‌-ഗരുഡ്‌, സിആര്‍പിഎഫ്‌ എന്നിവര്‍ സംയുക്തമായിട്ടാണ്‌ തിരച്ചില്‍ നടത്തിയത്‌. വ്യോമസേനയുടെ യുദ്ധപരിശീലനം ലഭിച്ച പ്രത്യേക വ്യൂഹമാണ്‌ ഗരുഡ്‌. ആറ്‌ പാക്ക്‌ ഭീകരരെ വധിക്കാന്‍ കഴിഞ്ഞതു വലിയ വിജയമാണെന്നു ജമ്മുകാഷ്‌മീര്‍ പൊലീസ്‌ മേധാവി എസ്‌പി വൈദ്‌ പ്രതികരിച്ചു. കാഷ്‌മീരില്‍ ഈവര്‍ഷം ഇതുവരെ 170 ഭീകരരെ സൈന്യം വധിച്ചു.