Breaking News

Trending right now:
Description
 
Nov 18, 2017

ജയലളിതയുടെ വസതിയില്‍ ആദായനികുതിവകുപ്പിന്റെ റെയ്‌ഡ്‌

image തമിഴ്‌നാട്‌ മുന്‍മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ ചെന്നൈയിലെ വസതി-പോയിസ്‌ ഗാര്‍ഡനില്‍ ആദായനികുതിവകുപ്പിന്റെ റെയ്‌ഡ്‌. വെള്ളിയാഴ്‌ച അര്‍ധരാത്രിയോ ആരംഭിച്ച റെയ്‌ഡ്‌ അവസാനിച്ചത്‌ ശനിയാഴ്‌ച പുലര്‍ച്ചെ അഞ്ചിനാണ്‌. ഉദ്യോഗസ്ഥര്‍ക്ക്‌ സുരക്ഷയൊരുക്കുന്നതിന്‌ വന്‍ പൊലീസ്‌ സംഘവും എത്തിയിരുന്നു. ജയലളിതയുടെ തോഴി വി.കെ.ശശികലയുടെയും ബന്ധുക്കളുടെയും വസ്‌തുവകകളെക്കുറിച്ചാണ്‌ ആദായനികുതിവകുപ്പ്‌ അന്വേഷിക്കുന്നത്‌. ജയലളിതയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന പുങ്കണ്ടറന്റെ മുറിയിലും പരിശോധിച്ചു. നിര്‍ണായകമായ പല തെളിവുകളും ഇവിടെനിന്നു ലഭിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ലാപ്‌ടോപ്പ്‌, കംപ്യൂട്ടര്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്‌. റെയ്‌ഡ്‌ വിവരം പുറത്തായതോടെ ദിനകരപക്ഷം പ്രവര്‍ത്തകര്‍ എത്തി സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തു. ജയലളിതയുടെ ബന്ധുക്കളായ ദിവാകരനും ജയാ ടിവി സിഇഒ വിവേക്‌ ജയരാമനും എത്തിയെങ്കിലും പൊലീസ്‌ അവരെ വീട്ടിലേക്ക്‌ കടത്തിവിട്ടില്ല. തുടര്‍ന്ന്‌ ഇവര്‍ റോഡില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചതോടെ പൊലീസ്‌ അറസ്റ്റുചെയ്‌തു നീക്കി. ഇതു രണ്ടാംതവണയാണ്‌ ജയലളിതയുടെ വസതിയില്‍ റെയ്‌ഡ്‌ നടക്കുന്നത്‌. നേരത്തെ കരുണാനിധി സര്‍ക്കാരിന്റെ കാലത്താണ്‌ റെയ്‌ഡ്‌ നടന്നത്‌. കഴിഞ്ഞദിവസങ്ങളില്‍ ശശികലയുടെയും ബന്ധുക്കളുടെയും വീടുകളില്‍ ആദായനികുതിവകുപ്പ്‌ റെയ്‌ഡ്‌ നടത്തിയിരുന്നു. 187 സ്ഥലങ്ങളിലാണ്‌ അന്നു റെയ്‌ഡ്‌ നടന്നത്‌.