Breaking News

Trending right now:
Description
 
Nov 16, 2017

കോട്ടയത്തുനിന്നു കാണാതായ ദമ്പതികളുടെ മകന്‍ ആത്മഹത്യചെയ്‌തു

image കോട്ടയം മാങ്ങാനത്തുനിന്നു രണ്ടുദിവസം മുമ്പുകാണാതായ ദമ്പതികളുടെ മകനെ വീടിനുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്‌ഇബി റിട്ട. അസി.എക്‌സിക്യുട്ടീവ്‌ എന്‍ജിനിയര്‍ പുതുക്കാട്ട്‌ പി.സി.ഏബ്രഹാമിന്റെ മകന്‍ ടിന്‍സിയെയാണ്‌ (37) കിടപ്പുമുറിയില്‍ ബുധനാഴ്‌ച വൈകിട്ടോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ടിന്‍സിയുടെ ഭാര്യ ബെന്‍സിയുടെ രണ്ടാമത്തെ പ്രസവശസ്‌ത്രക്രിയ ഇന്നു മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ നടക്കാനിരിക്കെയാണ്‌ ദാരുണസംഭവം. ബെന്‍സിയെ ബുധനാഴ്‌ചരാവിലെ ടിന്‍സിയാണ്‌ ആശുപത്രിയില്‍ അഡ്‌മിറ്റാക്കിയത്‌. മാതാപിതാക്കളെ കാണാതായതോടെ ഉണ്ടായ മാനസികവിഷമമാണ്‌ ആത്മഹത്യക്കു കാരമണായതെന്നു പൊലീസ്‌ സംശയിക്കുന്നു. ആത്മഹത്യക്കുറിപ്പ്‌ ലഭിച്ചിട്ടില്ല. വൈകുന്നേരം ടിന്‍സിയെ കാണാതായതിനെ തുടര്‍ന്ന സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ അകത്തുനിന്നു അടച്ചിട്ടിരിക്കുന്നതാണ്‌ കണ്ടത്‌. തുടര്‍ന്ന്‌ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി വീടിന്റെ അകത്തുകടന്നു നടത്തിയ തിരച്ചിലിലാണ്‌ മൃതദേഹം കണ്ടത്‌. രണ്ടുദിവസം മുമ്പ്‌ ടിന്‍സിയുടെ മാതാപിതാക്കളായ ഏബ്രഹാമിനെതും തങ്കമ്മയേയും കാണാതായിരുന്നു. പൊലീസും ബന്ധുക്കളും നടത്തിയ തിരച്ചിലില്‍ ഇവരെ കണ്ടെത്തിയിരുന്നില്ല. ദമ്പതികളുടെ മൊബൈല്‍ഫോണ്‍, എടിഎംകാര്‍ഡ്‌, പഴ്‌സ്‌ എന്നിവ വീട്ടിലും സ്‌കൂട്ടര്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും കണ്ടെത്തിയിരുന്നു.