Breaking News

Trending right now:
Description
 
Nov 16, 2017

കായല്‍കയ്യേറ്റം: തോമസ്‌ ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചു

image കായല്‍കയ്യേറ്റം ഉള്‍പ്പെടെ നിയമലംഘനങ്ങളുടെ പേരില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്ന തോമസ്‌ ചാണ്ടി അവസാനം മന്ത്രി സ്ഥാനം രാജിവച്ചു. ദിവസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനും നാടകീയ നീക്കങ്ങള്‍ക്കും ഒടുവിലാണ്‌ രാജി. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മന്ത്രിയുടെ രാജിക്കത്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ ബുധനാഴ്‌ച രാവിലെ കൈമാറിയിരുന്നു. ഉച്ചകഴിഞ്ഞായിരുന്നു രാജി പ്രഖ്യാപനം. സ്ഥാനത്ത്‌ തുടരാന്‍ തോമസ്‌ ചാണ്ടി അവസാന നിമിഷംവരെ ശ്രമിച്ചെങ്കിലും മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു സിപിഐ സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ്‌ രാജിയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയത്‌. ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അനുവദിച്ച സമയത്തും രാജി ഒഴിവാക്കാനായിരുന്നു തോമസ്‌ ചാണ്ടിയുടെ നീക്കം. രാജിയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന്‌ സംസ്ഥാന നേതൃത്വവും തീരുമാനിച്ചതോടെയാണ്‌ തോമസ്‌ ചാണ്ടി കീഴടങ്ങിയത്‌. പിണറായി വിജയന്‍ മന്ത്രിസഭയില്‍നിന്നു രാജിവയ്‌ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ്‌ തോമസ്‌ ചാണ്ടി. ഒന്നര വര്‍ഷത്തിനിടെ രണ്ടു എന്‍സിപി മന്ത്രിമാര്‍ രാജിവച്ച്‌ പുറത്തുപോയത്‌ ശ്രദ്ധേയമാണ്‌. ഉപാധികളോടെയാണ്‌ തോമസ്‌ ചാണ്ടിയുടെ രാജി. നേരത്തെ ഹണി ട്രാപ്പ്‌ കേസില്‍ മന്ത്രിസ്ഥാനം നഷ്ടമായ എ.കെ.ശശീന്ദ്രന്‍, തോമസ്‌ ചാണ്ടി എന്നിവരില്‍ ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ വീണ്ടും മന്ത്രിയാകുമെന്ന്‌ എന്‍സിപി നേതൃത്വം വ്യക്തമാക്കി. രണ്ടുപേരും ഒരുമിച്ചു കുറ്റവിമുക്തനായാല്‍ ശശീന്ദ്രനാകും മന്ത്രി.